അറഫയിലേക്ക്

ഹജ്ജിന്റെ മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ദുല്‍ഹജ്ജ് ഒമ്പത് അഥവാ അറഫദിനം പ്രഭാതമായാല്‍ അറഫയില്‍ നില്‍ക്കാനുള്ള സുന്നത്തായ കുളിയുടെ സമയമായി. മിനയില്‍ വെച്ചു തന്നെ കുളിക്കലാണ് ഇക്കാലത്ത് പ്രായോഗികം. രാവിലെ ഏഴുമണിയോടെ മുത്വവ്വിഫുമാരുടെ നമ്പറുകള്‍ പതിച്ച ബസ്സുകളില്‍ അറഫയിലേക്ക് ഹാജിമാരെ കയറ്റിക്കൊണ്ട് പോകല്‍ തുടങ്ങുന്നു. ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും നടന്നു നിര്‍വഹിക്കുന്നതാണ് ഉത്തമം. പക്ഷേ,ദുര്‍ബലരോ സ്ത്രീകളോ കൂടെയുള്ളവര്‍ക്ക് അതിനു കഴിയില്ല. സ്ഥലപരിചയവും ആരോഗ്യവുമുള്ള യുവാക്കള്‍ക്ക് അറഫയിലേക്ക് നടന്നു നീങ്ങാം.

സൂര്യോദയത്തിനുശേഷം മിനായുടെ വടക്കുവശമുള്ള ജബലുസബീര്‍ എന്ന മലയില്‍ വെയില്‍ തട്ടിയാല്‍ അറഫായിലേക്ക് പുറപ്പെടുന്ന യഥാര്‍ഥ സമയമാണ്. മഹാനായ റസൂല്‍(സ്വ) അറഫയിലേക്ക് പോയ വഴിയായ ത്വരീഖുളുബ്ബ് എന്ന റോഡിലൂടെ പോകല്‍ സുന്നത്താണ്. മശ്അറുല്‍ ഹറാം എന്ന പള്ളിയുടെയും രാജകൊട്ടാരങ്ങള്‍ ദൃശ്യമാകുന്ന കുസഅ് മലയുടെയും തെക്കുവശത്തുകൂടിയുള്ള റോഡാണിത്.

അറഫ അതിര്‍ത്തി ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലസമീപത്തുള്ള മസ്ജിദു ഇബ്രാഹിമിന്റെ അടുത്തുള്ള വാദിനമിറയില്‍ ളുഹര്‍ വരെ കഴിച്ചുകൂട്ടണം. അറഫയില്‍ നില്‍ക്കാനുള്ള കുളി അവിടെ വെച്ച് നിര്‍വഹിച്ച് ളുഹര്‍ പ്രസ്തുത പള്ളിയില്‍ വെച്ച് നിസ്കരിക്കുക. അവിടെ നടക്കുന്ന ഖുത്വുബ ശ്രദ്ധിക്കുക. ശേഷം അറഫായുടെ മധ്യഭാഗത്തുള്ള ജബലുറഹ്മയിലേക്ക് നടന്ന് അതിന്റെ താഴ്ഭാഗത്ത് റസൂല്‍(സ്വ) നിന്ന സ്ഥാനത്ത് നില്‍ക്കുക. ഇതാണ് ഏറ്റവും ഉത്തമമായരീതിയും പ്രവാചക ചര്യയും.

ആധുനിക കാലത്ത് വാഹനക്രമീകരണങ്ങളും സ്ഥലപരിമിതിയും ജനത്തിരക്കും എല്ലാം കൂടിയാകുമ്പോള്‍ ഈ രീതി സ്വീകരിക്കാന്‍ വളരെ പ്രയാസമാകും. മിനയില്‍വെച്ച് കുളിച്ച് യാത്രക്കൊരുങ്ങുക. അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കരുതുക. അറഫയില്‍ ഇക്കാലത്ത് പലവിധത്തിലുമുള്ള ആഹാരം ലഭിക്കാറുണ്ട്. പഴവര്‍ഗങ്ങളും മറ്റുമടങ്ങിയ പാക്കറ്റ് മുതവ്വിഫിന്റെ വകയായും ലഭിക്കും. ദാനധര്‍മ്മങ്ങളുടെ പുണ്യം നേടാന്‍ കൊതിക്കുന്ന പല നല്ല മനുഷ്യരും അറഫയില്‍ വിതരണത്തിനായി പലവിധ ഭക്ഷണങ്ങളുമെത്തിക്കാറുണ്ട്. എന്നാലും അത്യാവശ്യമായത് കരുതല്‍ അനിവാര്യമാണ്. കുടിക്കാനുള്ള വെള്ളം നിര്‍ബന്ധമായും കരുതണം. മറ്റുള്ളവരെ സഹായിക്കാനും അതുപകരിക്കും.

ട്രാഫിക് തടസ്സങ്ങളില്‍ കുടുങ്ങിയില്ലെങ്കില്‍ അരമണിക്കൂര്‍ യാത്രകൊണ്ട് അറഫയില്‍ മുത്വവ്വിഫിന്റെ തമ്പുകളുള്ള സ്ഥലത്തെത്തിച്ചേരാം. ഗതാഗതക്കുരുക്കുകള്‍ സാധാരണമായതിനാല്‍ കാലേക്കൂട്ടി പുറപ്പെടുന്നതാണ് നല്ലത്. എന്നാലും മറ്റു ദുര്‍ബലരെ തിരക്കി മാറ്റി വാഹനത്തില്‍ കയറാന്‍ പാടില്ല. നല്ല സഹകരണവും ക്ഷമയും പുലര്‍ത്തണം.

ഹജ്ജിന്റെ പ്രധാന ഘടകമായ വിശുദ്ധ അറഫയിലേക്കാണ് നാം പുറപ്പെടുന്നത്. അല്ലാഹുവി നു ഏറ്റവും പ്രിയപ്പെട്ട സദസ്സാണത്. മുടി ജഡകുത്തി, ശരീരത്തില്‍ പൊടിപുരണ്ട് എല്ലാം അല്ലാഹുവിലേക്ക് സമര്‍പ്പിച്ചു കൊണ്ടുള്ള പുറപ്പാടാണിത്. ഉരുകുന്ന ഖല്‍ബും, ഒഴുകുന്ന കണ്ണും ശാന്തമായ ശരീരവുമായി ആത്മാരഥ ബോധത്തോടെ അറഫയിലേക്ക് നീങ്ങണം. തല്‍ ബിയത്തും മറ്റു ദിക്റുകളും നബി(സ്വ)യുടെ പേരിലുള്ള സ്വലാത്തും വളരെ വര്‍ധിപ്പിക്കണം. അറഫയിലേക്ക് പുറപ്പെടുമ്പോള്‍ അല്ലാഹുമ്മ ഇലൈക തവജ്ജഹ്തു…. എന്ന ദുആ (‘ദിക്ര്‍ ദുആകള്‍’) ചൊല്ലണം.

അറഫ

ഹജ്ജ് കര്‍മ്മങ്ങളുടെ മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ഹജ്ജ് അറഫയാകുന്നു എന്നത്രെ നബി(സ്വ) അരുള്‍ ചെയ്തത്. സത്യവിശ്വാസികള്‍ സ്വര്‍ഗം ചോദിച്ചുവാങ്ങുന്ന അനുഭൂതിദായകമായ രംഗമാണവിടെ. അറഫാ നിര്‍ത്തത്തിന്റെ മഹത്വം കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി(സ്വ) പറഞ്ഞു; “ബദര്‍ദിനം കഴിച്ചാല്‍ അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് ഇത്രയും അപമാനിതനും നിന്ദ്യനും നിരാശനും നിസ്സാരനും കോപിഷ്ടനുമായി മറ്റൊരിക്കലും കാണപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ അത്യുദാരമായ അനുഗ്രഹ വര്‍ഷങ്ങളും നിരവധി മഹാപാപികള്‍ക്കു പോലും പൊറുത്തുകൊടുക്കുന്നതു കൊണ്ടാണങ്ങനെ…” (ഹദീസ്).

അറഫാദിനത്തില്‍ അറഫാ മൈതാനിയില്‍ ഒരുമുച്ചുകൂടുന്ന സര്‍വ്വമനുഷ്യര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുകുയം സ്വര്‍ഗം നല്‍കുകയും ചെയ്യുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു. “അറഫാദിനം അല്ലാഹു തആല അവന്റെ മലകുകളോട് പറയും. എന്റെ മലകുകളേ, എന്റെ പ്രിയ ദാസന്മാരെ നിങ്ങള്‍ കാണുന്നില്ലേ. പൊടിപുരണ്ടവരും മുടി ജഡ കുത്തിയവരുമായി വിദൂരദിക്കുകളില്‍ നിന്നും അവരതാ എന്നെത്തേടി വന്നിരിക്കുന്നു. അവര്‍ എന്റെ കാരുണ്യം കാംക്ഷിക്കുകയും പാപമോചനം കൊതിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളെ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ പാപങ്ങള്‍ മഴവര്‍ഷത്തിന്റെ അത്രയോ സമുദ്രജലനുരകളുടെ അത്രയോ ഉണ്ടായാലും ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അടിമകളേ, നിങ്ങള്‍ക്കും നിങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്കും പാപം പൊറുത്തിരിക്കുന്നു. നിങ്ങള്‍ സംതൃപ്തരായി മടങ്ങുവീന്‍(ഹദീസ്). ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “നിബന്ധനകള്‍ യോജിപ്പിച്ച് അറഫയില്‍ ഒരാള്‍ സന്നിഹിതനായ ശേഷം എനിക്കു അല്ലാഹു പാപം പൊറുത്തുതന്നില്ല എന്ന് കരുതുന്നതാണ് ഏറ്റവും വലിയ പാപം” (ഹദീസ്).

ജബലുറഹ്മയും അതിനുചുറ്റുമുള്ള വിശാലമായ മൈതാനിയുമാണ് അറഫ. അതിന്റെ നാലതിരുകളും വളരെ വ്യക്തമായി ബോര്‍ഡുകള്‍ സ്ഥാപിച്ച് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രകാശ സ്തൂപങ്ങളും അതിര്‍ത്തിയിലൂടെ വരിയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അറഫയുടെ പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മസ്ജിദു ഇബ്രാഹിം നിലകൊള്ളുന്നത്. അതിന്റെ ഒരുഭാഗം അറഫയിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. അത് പ്രത്യേകം ബോര്‍ഡെഴുതി കാണിച്ചിരിക്കുന്നു.

അറഫയില്‍ താമസിക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാന ഘടകമാണ്. അത് ഒഴിവായാല്‍ ഹജ്ജ് നഷ്ടപ്പെടുന്നതാണ്. മറ്റെല്ലാ ഘടകങ്ങള്‍ക്കും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തവും മറ്റു പരിഹാരങ്ങളുണ്ടെങ്കിലും അറഫാ താസം വിട്ടുപോയാല്‍ ഹജ്ജ് നഷ്ടപ്പെടുക തന്നെ ചെയ്യും.

അറഫയില്‍ നില്‍ക്കേണ്ട സമയം

ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് നീങ്ങിയത് മുതല്‍ പത്താം ദിനം പ്രഭാതം വരെയാണ് അറഫയില്‍ നില്‍ക്കേണ്ട സമയം. ഇതിനുള്ളില്‍ അല്‍പ്പസമയമെങ്കിലും അറഫ അതിര്‍ത്തിക്കകത്ത് എവിടെയെങ്കിലും ഉണ്ടായാല്‍ മതി. പ്രത്യേക നിയ്യത്തോ ഉദ്ദേശ്യമോ നിര്‍ ബന്ധമില്ല. കാണാതായവരെ അന്വേഷിച്ചു അതിലൂടെ നടക്കുകയോ വാഹനത്തില്‍ അതുവഴിവിട്ടുകടക്കുകയോ ചെയ്താലും മതി. ഉറക്കിലായാലും വിരോധമില്ല. നിശ്ചിത സമയത്താകലും സ്വബോധത്തോടുകൂടിയാകലും നിര്‍ബന്ധമാണ്. അബോധാവസ്ഥയോ ലഹരിയോ ഉള്ളവരുടെ താമസം പരിഗണിക്കപ്പെടുകയില്ല.

ശക്തിയായ രോഗമുള്ളവരെയും പൂര്‍ണ അവശരെയും കൂടെയുള്ളവര്‍ എപ്രകാരമെങ്കിലും അ റഫയില്‍ എത്തിക്കണം. വാഹനത്തില്‍ അതുവഴി കടന്നുപോയാല്‍ മതി. ഇറങ്ങണമെന്നില്ല. ഇത്തരക്കാര്‍ക്ക് ദുല്‍ഹജ്ജ് എട്ടിന്റെ മിനാതാമസവും മറ്റും ഉപേക്ഷിക്കാം. ഉപേക്ഷിക്കുന്ന ചില ഘടകങ്ങള്‍ക്ക് ഫിദ്യ കൊടുത്താല്‍ മതി.

മക്കയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ മിക്കവാറും അറഫാദിനത്തിനുമുമ്പ് ഡിസ്ചാര്‍ജ് ചെയ്തുവിടും. അല്ലാത്തവരെ ആശുപത്രി വക ആംബുലന്‍സില്‍ അറഫയിലൂടെ കൊണ്ടുവന്നു തിരിച്ചുപോകാറുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നിരുന്നാലും അല്‍പ്പം ആശ്വാസമുള്ളവരെ ബന്ധപ്പെട്ടവര്‍ കൂട്ടിക്കൊണ്ട് പോകുന്നതാണ് സൂക്ഷ്മത.