മിനയില്‍ രാപ്പാര്‍ക്കല്‍

അയ്യാമുത്തശ്രീഖ്

ദുല്‍ഹജ്ജ് 11, 12, 13 എന്നീ മൂന്നു ദിവസങ്ങള്‍ക്ക് അയ്യാമുത്തശ്രീഖ് എന്നു പറയുന്നു. വളരെപുണ്യമുള്ള ദിവസങ്ങളാണിത്. ഈ ദിവസങ്ങളത്രയും വളരെ ഭക്തിയോടും ഹൃദയസാന്നിധ്യത്തോടും മിനയില്‍ കഴിഞ്ഞുകൂടണം. ജംറകളെ എറിയലല്ലാതെ നിര്‍ബന്ധമായ മറ്റു കര്‍മ്മങ്ങളൊന്നും അവിടെ ചെയ്യാനില്ല. മിനയില്‍ താമസിക്കുമ്പോള്‍ ഫര്‍ള് നിസ്കാരം മസ്ജിദുല്‍ ഖൈ ഫില്‍ വെച്ചാകാന്‍ ശ്രമിക്കണം. എല്ലാ നിസ്കാരങ്ങള്‍ക്കും അവിടെയെത്താന്‍ സാധിച്ചില്ലെങ്കി ല്‍ സാധ്യമായത്ര പങ്കെടുക്കണം. അവിടെവെച്ച് നിസ്കാരം വര്‍ധിപ്പിക്കല്‍ സുന്നത്താണ്.

മിനയില്‍ താമസിക്കല്‍

അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളുടെ രാവില്‍ മിനയില്‍ താമസിക്കലും മൂന്ന് ജംറകളെ എറിയലും വാജിബാണ്. പെരുന്നാളിന്റെ അന്ന് രാത്രിയും അടുത്ത രാത്രിയും താമസിച്ച് ദുല്‍ഹജ്ജ് 12ന് സൂര്യാസ്തമയത്തിനു മുമ്പ് മിന വിടുകയാണെങ്കില്‍ പതിമൂന്നാം രാവിന്റെ താമസവും പകലിന്റെ എറിയലും ഒഴിവാക്കാം.

രാത്രിയുടെ മുഖ്യഭാഗം മിനയിലുണ്ടാകലാണ് നിര്‍ബന്ധം. പകല്‍ മിനയിലുണ്ടായിരിക്കണമെന്നില്ല. ശക്തിയായ രോഗം, രോഗിയെ ശുശ്രൂഷിക്കല്‍ പോലുള്ള നിര്‍ബന്ധ കാരണങ്ങളാല്‍ മി നയില്‍ താസിക്കാന്‍ സാധിക്കാത്തവര്‍ക്ക് താമസം നിര്‍ബന്ധമില്ല. ഫിദ്യയും ആവശ്യമില്ല. എന്നാല്‍ ജംറകളെ എറിയല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ശക്തിയായ രോഗമുണ്ടെങ്കില്‍ മറ്റൊരാളെ എറിയലിന് പകരമാക്കാവുന്നതാണ്.