ജീവിതത്തില്‍ ഒരുതവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ഹജ്ജ് നിര്‍ബന്ധമാകുന്നതിന് അഞ്ച് നിബന്ധനകള്‍ (ശര്‍ത്വുകള്‍) യോജിച്ചിരിക്കണം. (1). മുസ്ലിമായിരിക്കുക. (2). സ്വയംബുദ്ധിയുണ്ടായിരിക്കുക. (3). സ്വതന്ത്രനായിരിക്കുക.(4). പ്രായപൂര്‍ത്തിയാവുക.(5). ഹജ്ജ് പൂര്‍ത്തിയാക്കുവാനുള്ള എല്ലാ കഴിവുകളുമുണ്ടായിരിക്കുക. കഴിവുകള്‍ക്ക് താഴെ പറയുന്ന സൌകര്യങ്ങള്‍ ഒത്തിരിക്കണം.
(എ) മക്കയില്‍ എത്തിച്ചേരാനുള്ള വാഹന സൌകര്യം.
(ബി) കടം വീട്ടാനാവശ്യമായതിനു പുറമെ മക്കയില്‍ പോയി വരുന്നത് വരെ സ്വന്തം ചിലവിനുള്ള ഭക്ഷണ സാധനങ്ങളുടെ വകയും തന്റെ യാത്രാ വേളയില്‍ താന്‍ ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കാ വശ്യമായ ഭക്ഷണം, വസ്ത്രം, വീട് മുതലായവയും തയ്യാറുണ്ടായിരിക്കണം.
(സി) വഴിസ്വാതന്ത്യ്രം.
(ഡി) യാ ത്രക്കനുകൂലമായ ശാരീരികാരോഗ്യം.
ശാരീരികാരോഗ്യമുണ്ടായാല്‍ സ്വയം പോകലും അതില്ലാതിരുന്നാല്‍ മറ്റുള്ളവരെ അയച്ച് ഹജ്ജ് ചെയ്യിപ്പിക്കലും നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ കഴിവുകളില്ലാത്ത ഒരാള്‍ ഹജ്ജ് സമയത്ത് അവിടെയുണ്ടായാല്‍ അവനും ഹജ്ജ് നിര്‍ബന്ധമാകുന്നതാണ്.
സ്ത്രീകള്‍ക്ക് അവരോടൊപ്പം യാത്രചെയ്യാന്‍ ഭര്‍ത്താവോ വിവാഹബന്ധം പാടില്ലാത്ത മറ്റാരെങ്കിലുമോ യോഗ്യരായ വിശ്വസ്ത സ്ത്രീകളോ ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജിന് പോകല്‍ നിര്‍ബന്ധമാവുകയുള്ളൂ. എന്നാല്‍ ഒറ്റക്ക് പോകുന്നതില്‍ സ്വശരീരത്തിന്മേല്‍ നിര്‍ഭയത്വമുള്ളവളോ ഒരു സ്ത്രീയോടൊപ്പമോ ഫര്‍ളായ ഹജ്ജിന് വേണ്ടി സ്ത്രീക്ക് യാത്രചെയ്യല്‍ അനുവദനീയമാണ്. ഹജ്ജിന് പോകാനുള്ള കഴിവുകള്‍ ഒത്തിരിക്കുക എന്നത് പലരും തെറ്റിദ്ധരിച്ച വിഷയമാണ്. നിരവധി ഭൂസ്വത്തുക്കളും വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം ഉടമസ്ഥതയിലുള്ള പല മുസ്ലിം ധനികരും ചില ന്യായങ്ങള്‍ പറഞ്ഞ് ഹജ്ജില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് കാണാം.
കുടുംബത്തിന്റെ താമസത്തിനാവശ്യമായ വീടൊഴിച്ച് തന്റെ ബാക്കി സമ്പത്തുകളെല്ലാം കൂടി വിറ്റാല്‍ കുടുംബച്ചിലവും കടവും കഴിച്ച് ഹജ്ജ് യാത്രക്കാവശ്യമായ സംഖ്യ ലഭിക്കുമെങ്കില്‍ അത് ഉപയോഗപ്പെടുത്തി ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. എണ്ണിവെച്ച പണം ലക്ഷക്കണക്കിന് ബാക്കിയുള്ളവര്‍ മാത്രമാണ് ഹജ്ജിന് അവകാശപ്പെട്ടവര്‍ എന്ന ധാരണ ശരിയല്ല. ഭൂസ്വത്തുക്കളും മറ്റും കഴിവിനാധാരമായ ധനത്തില്‍ ഉള്‍പ്പെട്ടതാണ്. ഹജ്ജിനാവശ്യമായ ഇത്തരം സ്വത്തുക്കള്‍ ഉടമസ്ഥതയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെട്ടാല്‍ വലിയ ദുര്‍വൃത്തനായാണ് ദീനിന്റെദൃഷ്ടിയില്‍ അവന്‍ ഗണിക്കപ്പെടുക മാത്രമല്ല അവന്റെ അനന്തരസ്വത്തില്‍ നിന്ന് പകരം ഹജ്ജ് ചെയ്യിക്കാനുള്ള സംഖ്യ നീക്കിവെക്കല്‍ നിര്‍ബന്ധവും ഒരാളെക്കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കേണ്ടതുമാണ്. അതുകഴിച്ചുള്ള സ്വത്ത് മാത്രമേ അനന്തരാവകാശികള്‍ വീതിച്ചെടുക്കാന്‍ പാടുള്ളൂ.
“കഴിവുകളുണ്ടായിട്ട് ഹജ്ജ് ചെയ്യാത്തവര്‍ ജൂതനോ നസ്രാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന പ്രവാചക താക്കീത് ഗൌരവപൂര്‍വ്വം ഓര്‍ത്തിരിക്കേണ്ടതാണ്. മഹാനായ ഖലീഫാ ഉമര്‍(റ)ന്റെ ഒരു പ്രഖ്യാപനം ഹജ്ജ് ഉപേക്ഷിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. “ഹജ്ജിന് സാഹചര്യം ഒത്തിണങ്ങിയിട്ട് പിന്നെയും ഹജ്ജിന് പോകാതിരിക്കുന്നവരുടെ ഒരു പട്ടിക തയ്യാറാക്കാനും ഭരണകൂടം അമുസ്ലിംകളില്‍ നിന്ന് വസൂലാക്കുന്നതുപോലെ നികുതികളും മറ്റും ഇവരില്‍ നിന്ന് ഈടാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.”
ഇക്കാലത്ത് ഹജ്ജ് യാത്ര വളരെ ലളിതവും സൌകര്യങ്ങള്‍ നിറഞ്ഞതുമാണ്. ആധുനിക സാങ്കേതിക പുരോഗതി നിമിത്തം അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് വിശുദ്ധ മക്കയിലെത്തിച്ചേരാന്‍ നമുക്കിന്ന് സാധിക്കുന്നു. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഹജ്ജ് കര്‍മ്മം ബിസിനസ്സിന്റെയും മറ്റും തിരക്കു കാരണം നിര്‍ത്തിവെക്കുന്നത് അപകടകരമാണ്.
ഹജ്ജ് യാത്ര എപ്പോഴാകണം.
ഹജ്ജ് നിര്‍ബന്ധമാകുന്ന കഴിവുകള്‍ ഒത്തുചേര്‍ന്നാല്‍ ആ വര്‍ഷം തന്നെ ഹജ്ജ് ചെയ്യല്‍ ശാഫിഈ മദ്ഹബ് പ്രകാരം നിര്‍ബന്ധമാകുന്നില്ല. അടുത്ത കൊല്ലം ചെയ്യാമെന്ന ദൃഢനിശ്ചയമുണ്ടാവുകയും വാര്‍ധക്യം, സാമ്പത്തിക നഷ്ടം, മാര്‍ഗതടസ്സം മുതലായവ കാരണം അടുത്ത കൊല്ലത്തെ യാത്രക്ക് മുടക്കം വരികയുമില്ലെന്ന് ഉറപ്പുമുണ്ടെങ്കില്‍ യാത്ര പിന്തിക്കുന്നതിന് വി രോധമില്ല. എങ്കിലും പിന്നീട് കഴിവുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ഹജ്ജ് ചെയ്യാന്‍ സാധിക്കാതെ വന്നുപോയാല്‍ അവന്‍ കുറ്റക്കാരനാകുന്നതാണ്.
പില്‍ക്കാലത്ത് വല്ല തടസ്സവും നേരിടുമെന്ന് ഭയമുണ്ടെങ്കില്‍ പിന്തിക്കുന്നത് കറാഹത്താണെന്ന് മദ്ഹബിലെ പ്രബലമായ അഭിപ്രായം ഇമാം നവവി(റ)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. മഹാനായ നബി(സ്വ)യുടെ ഒരു കല്‍പ്പന ഇവ്വിഷയകമായി ശ്രദ്ധേയമാണ്. “നിങ്ങള്‍ ഹജ്ജിലേക്ക് എത്ര യും വേഗം പുറപ്പെട്ടുകൊള്ളുക. കാരണം നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന തടസ്സങ്ങള്‍ എപ്പോഴാണ് വന്ന് നേരിടുക എന്ന് നിങ്ങള്‍ക്കാര്‍ക്കും അറിയുകയില്ല.”
ഹജ്ജ് നിര്‍ബന്ധമായാല്‍ കഴിയുംവേഗം ആ പുണ്യകൃത്യം നിര്‍വ്വഹിക്കുന്നതാണ് ഉത്തമം. ആരോഗ്യകാലഘട്ടത്തില്‍ നിര്‍വ്വഹിച്ചാല്‍ മാത്രമേ ഹജ്ജിന്റെ എല്ലാ പുണ്യങ്ങളും വാരിക്കൂട്ടാന്‍ സാധ്യമാവുകയുള്ളൂ.
കഴിവുണ്ടായിട്ടും വാര്‍ധക്യം വരെ ഹജ്ജ് യാത്ര നീട്ടിവെക്കുന്നത് നമ്മുടെ നാട്ടില്‍ വ്യാപകമാണ്. പലരും ഭീമമായ പണം മുടക്കി അനാരോഗ്യകരമായ ശാരീരികാവസ്ഥയില്‍ വിശുദ്ധ നഗരങ്ങളില്‍ ചെന്ന് ദയനീയമായി കഷ്ടപ്പെടുന്നത് സര്‍വ്വസാധാരണമാണ്. വൃദ്ധ ഹാജിമാര്‍ എല്ലാ കഷ്ടപ്പാടുകളും അനുഭവിക്കുന്നതിന് പുറമെ ആരോഗ്യമില്ലായ്മ നിമിത്തം പുണ്യകര്‍മ്മങ്ങളൊന്നും ചെയ്യാനാകാതെ സങ്കടപ്പെടുന്നത് കാണാം. ഫര്‍ള്വായ ത്വവാഫില്‍ പോലും സ്വയം നടക്കാന്‍ സാധിക്കായ്കയാല്‍ കട്ടിലില്‍ കയറി ചെയ്യേണ്ടിവരുന്നു. മിനയിലും അറഫയിലുമെല്ലാം സ്വയംബോധം പോലും നഷ്ടപ്പെട്ട് ശരീരം തളര്‍ന്ന് മനസ്സ് പരിഭ്രമിച്ച് വെപ്രാളപ്പെടുന്നത് കാണാം. ഇത്തരക്കാര്‍ക്ക് വിശുദ്ധ ഹജ്ജ് നല്ല ഓര്‍മ്മകളോ, അനുഭൂതിയോ സംതൃപ്തിയോ പകര്‍ന്നുതരില്ലെന്ന് തീര്‍ച്ചയാണ്. നാട്ടില്‍വെച്ച് ശരാശരി ആരോഗ്യമുള്ള വൃദ്ധന്മാര്‍ പോലും അറേബ്യയിലെ കാലാവസ്ഥയുടെ പ്രത്യേക സാഹചര്യത്തില്‍ തളര്‍ന്നുപോകാറുണ്ട്. ഇവര്‍ വല്ലപ്പോഴും മാത്രം ഹറമില്‍ പോയി കഅ്ബാ ശരീഫിനെ നിസ്സഹായരായി നോക്കിനിന്ന് കണ്ണീര്‍ പൊഴിക്കുന്നു. യൌവനപ്രായത്തില്‍ കഴിവുണ്ടായിട്ടും ഹജ്ജ് യാത്ര നടത്താത്തിന്റെ കൊടുംഖേദം അവര്‍ക്ക് വൈകിയാണ് മനസ്സിലാകുന്നത്.
ദീനീബോധവും സാമ്പത്തിക ശേഷിയുമുള്ള യുവാക്കള്‍ പുണ്യനഗരങ്ങളിലെത്തി ക്കഴിഞ്ഞാല്‍ അവര്‍ക്ക് ആരാധനയുടെ കൊയ്ത്തുകാലമായിരിക്കും. ഉംറകള്‍ വര്‍ധിപ്പിക്കാനും, ത്വവാഫ് പെ രുപ്പിക്കാനും മറ്റു പുണ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം അവര്‍ക്ക് സാധിക്കുന്നു. പില്‍ക്കാലങ്ങളില്‍ ആത്മീയബോധം ശക്തിപ്പെടാനും യൌവനപ്രായത്തില ഹജ്ജ് കാരണമായിത്തീരുന്നു. ഹജ്ജ് ചെയ്യാനുള്ള നിബന്ധനകളെല്ലാം ഒരാള്‍ക്ക് ആജീവനാന്തം നിലനില്‍ക്കുകയാണെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. എങ്കിലും ആദ്യ ഹജ്ജിനു ശേഷം സാധ്യമായാല്‍ വീണ്ടും ഹജ്ജ് ചെയ്യുന്നത് പുരുഷന്മാര്‍ക്ക് കൂടുതല്‍ പുണ്യമുള്ളതാണ്. പ്രതിവര്‍ഷം ചെയ്തില്ലെങ്കിലും അയ്യഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നത് വളരെ മഹത്വമുള്ളതാണ്. ഖുദ്സിയ്യായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “ഒരാള്‍ പൂര്‍ണ ആരോഗ്യത്തോടും സുഖാനുഭൂതികളോടും കൂടി ജീവിച്ചുകൊണ്ടിരിക്കെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കഅ്ബാ ശരീഫില്‍ വന്നു ഹജ്ജ് നിര്‍വഹിച്ചിട്ടില്ലെങ്കില്‍ അവന്‍ ഭാഗ്യഹീനനാണ്.” സുന്നത്തായ ഹജ്ജും ഉംറയും അവയുടെ കര്‍മ്മങ്ങളില്‍ പ്രവേശിക്കുന്നതോടെ പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാകുന്നതും ഫര്‍ള്വായ ഹജ്ജിലും ഉംറയിലുമുള്ള എല്ലാ വിധിവിലക്കുകളും അതിന് ബാധകമാകുന്നതുമാണ്. ഹജ്ജും ഉംറയും നേര്‍ച്ചയാക്കാവുന്നതും നേര്‍ച്ചയാക്കുന്നതോടെ നിര്‍ബന്ധമാകുന്നതുമാണ്.