കുട്ടികളുടെയും ഭ്രാന്തന്റെയും ഹജ്ജ്

പ്രായം തികയാത്ത കുട്ടിക്ക് ഹജ്ജ് നിര്‍ബന്ധമില്ല. എങ്കിലും ചെയ്താല്‍ സ്വഹീഹാകും. നിര്‍ബന്ധമായ കടം വീടുകയില്ല. വലുതായ ശേഷം കഴിവുണ്ടായാല്‍ വീണ്ടും ചെയ്യണം. വക തിരിവുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന്റെ അനുവാദത്തോടെ കുട്ടിക്ക് സ്വയം ഇഹ്റാം ചെയ്യാം. അവനുവേണ്ടി രക്ഷിതാവ് ഇഹ്റാം ചെയ്താലും മതി.

വക തിരിവില്ലാത്ത കുട്ടിക്ക് വേണ്ടിയും ഭ്രാന്തനു വേണ്ടിയും രക്ഷിതാവാണ് ഇഹ്റാം ചെയ്യേണ്ടത്. “അവനെ മുഹ്രിമാക്കാന്‍ ഞാന്‍ കരുതി” എന്ന് രക്ഷിതാവ് നിയ്യത്ത് ചെയ്യുന്നതോടെ കുട്ടിയും ഭ്രാന്തനും മുഹ്രിമായിത്തീരും. ഇഹ്റാം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഹാജരാകണമെന്നില്ല. രക്ഷിതാവ് തനിക്ക് ഫര്‍ളായ ഹജ്ജിന് സ്വയം ഇഹ്റാം ചെയ്താലും മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെങ്കിലും അവര്‍ക്കുവേണ്ടി ഇഹ്റാം ചെയ്യാം. അവര്‍ക്ക് ഇഹ്റാം ചെയ്യിപ്പിച്ചത് കൊണ്ട് രക്ഷിതാവ് മുഹ്രിമാകുന്നതുമല്ല. പിതാവാണ് രക്ഷിതാവ്. പിതാവില്ലെങ്കില്‍ പിതാമഹന്‍. വസ്വിയ്യത്ത് ചെയ്യപ്പെട്ടവന്‍ ആരായാലും ഉപ്പയുടെ സ്ഥാനത്താണ്. ജ്യേഷ്ഠാനുജന്മാരോ എളാപ്പ മൂത്താപ്പമാരോ ഉമ്മയോ വസ്വിയ്യത്തില്ലെങ്കില്‍ ആസ്ഥാനത്ത് നില്‍ക്കുകയില്ല. കുട്ടിയോ ഭ്രാന്തനോ മുഹ്രിമായാല്‍ ഇഹ്റാം കൊണ്ട് നിഷിദ്ധമായവ അവരില്‍ നിന്ന് രക്ഷിതാവ് തടയണം. വകതിരിവില്ലാത്തവനില്‍ നിന്ന് വല്ലതും സംഭവിച്ചാല്‍ ഫിദ്യ ആവശ്യമില്ല.

വകതിരിവുള്ളവനില്‍ നിന്ന് നശിപ്പിക്കലോ നശിപ്പിക്കലല്ലാത്ത വല്ലതും മനഃപൂര്‍വ്വമോ സംഭവിച്ചാല്‍ ഫിദ്യനല്‍കണം. രക്ഷിതാവിന്റെ സ്വത്തില്‍ നിന്നാണ് കൊടുക്കേണ്ടത്.

കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കണം. അല്ലാത്തവ രക്ഷിതാവ് ചെയ്യണം. ത്വവാഫും സഅ്യും അവര്‍ക്കു സാധിക്കുമെങ്കില്‍ അവ പഠിപ്പിച്ചു അവരെക്കൊണ്ട് ചെയ്യിപ്പിക്കണം. അല്ലെങ്കില്‍ അവരെക്കൂടി കൂട്ടി രക്ഷിതാവ് ചെയ്യണം. അങ്ങനെ കുട്ടിയെ ത്വവാഫ് ചെയ്യിക്കുമ്പോള്‍ രക്ഷിതാവിനും ശുദ്ധി ആവശ്യമാണ്. അറഫ, മുസ്ദലിഫ, മിന എന്നീ സ്ഥലങ്ങളില്‍ പങ്കെടുപ്പിക്കുകയും സാധിക്കുമെങ്കില്‍ കല്ല് കൊടുത്ത് അവരെക്കൊണ്ട് എറിയിപ്പിക്കുകയും വേണം. എറിയാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി സ്വയം എറിഞ്ഞുകഴിഞ്ഞവര്‍ എറിയുക. അവരുടെ കയ്യില്‍ കല്ല് കൊടുത്ത ശേഷം അവരില്‍ നിന്ന് വാങ്ങി എറിയലാണ് സുന്നത്ത്. ബോധക്ഷയമുള്ളവന് വേണ്ടിയോ രോഗിക്കു വേണ്ടിയോ മറ്റൊരാള്‍ ഇഹ്റാം ചെയ്യല്‍ അനുവദനീയമല്ല.