ഹജ്ജ് - തടയപ്പെട്ടാലുള്ള വിധി

   ഹജ്ജിന്റെയോ ഉംറയുടെയോ പ്രവര്‍ത്തനങ്ങള്‍ എല്ലാവിധേനയും തടയപ്പെട്ടാല്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാവുന്നതാണ്. എങ്കിലും ഒരു വഴി തടയപ്പെട്ടവന് മറ്റു വഴികളുണ്ടാവുകയും അതില്‍ക്കൂടി പോകാനുള്ള കഴിവും ഉണ്ടെങ്കില്‍ അതുവഴി പോകല്‍ നിര്‍ബന്ധവും തഹല്ലുല്‍ പാടില്ലാത്തതുമാണ്. അങ്ങനെ മറ്റുവഴിക്ക് പോയാല്‍ ഹജ്ജിനെത്തുകയില്ലെന്ന് ഉറപ്പുണ്ടായാലും മക്കയില്‍ പോകണം. സമയത്തിന് എത്തിയില്ലെങ്കില്‍ ഉംറയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തഹല്ലുലാകണം.

ഇനി ഒരു വഴിക്കും ഒരു വിധേനയും മക്കയിലെത്താന്‍ നിര്‍വാഹമില്ലാതെ തടയപ്പെട്ടാല്‍ അവന് ഒരു ആടിനെ അറുത്ത് തഹല്ലുലാകാം. ധനം കൊടുത്ത് തടസ്സം നീക്കല്‍ നിര്‍ബന്ധമില്ല. തടയപ്പെട്ട സ്ഥലത്തുവെച്ചാണ് ആടിനെ അറുക്കേണ്ടത്. അത് അവിടെയുള്ള പാവങ്ങള്‍ക്ക് വിതരണം ചെയ്യണം. അറവിന് സാധിച്ചില്ലെങ്കില്‍ ആടിന്റെ വിലക്ക് ഭക്ഷണം വാങ്ങി അവിടെത്തന്നെ വിതരണം ചെയ്യണം. അതും സാധ്യമാകാതെ വന്നാല്‍ മുദ്ദ് വീതം നോമ്പെടുക്കണം. ഇത്തരം ഘട്ടങ്ങളില്‍ ആടിനെ അറുക്കുക, മുടി നീക്കുക, തഹല്ലുലിനെ കരുതുക എന്നീ മൂന്ന് സംഗതികളുണ്ടായാല്‍ ഇഹ്റാമില്‍ നിന്ന് തഹല്ലുലായി. അറവിനുപകരം ഭക്ഷണം കൊടുക്കുകയാണെങ്കില്‍ അത് വിതരണം ചെയ്യണം. നോമ്പെടുക്കുകയാണെങ്കില്‍ അതൊഴിച്ചുള്ള മറ്റു രണ്ടു കാര്യങ്ങളുണ്ടായാല്‍ തഹല്ലുലാകും. നോമ്പ് പിന്നീട് നോറ്റുവീട്ടിയാല്‍ മതി.

ഇപ്പോള്‍ ഹജ്ജ്, ഉംറ ഉദ്ദേശിച്ച് ധാരാളം പേര്‍ വിസിറ്റിംഗ് വിസയില്‍ സൌദിയുടെ വിവിധ ഭാഗങ്ങളിലെത്തിച്ചേരുന്നുണ്ട്. ഇവര്‍ക്ക് ഇവിടത്തെ നിയമപ്രകാരം ഹജ്ജ് അനുമതിപത്രം ലഭിക്കുകയില്ല. ഇവരും ഇവിടത്തെ ജോലിക്കാരായ ധാരാളം വിദേശികളും അനുമതി പത്രമില്ലാതെ ഹജ്ജിന് പോവാറുണ്ട്. ഇവരെയും, ഹജ്ജ് അടുത്ത സമയത്ത് ഉംറ നിര്‍വ്വഹി ക്കാനായി പോകുന്നവരേയും പോലീസ് തടയാറുണ്ട്. ഇത്തരത്തില്‍ തടയപ്പെടുന്നവര്‍ ഇഹ്റാം ചെയ്യുമ്പോള്‍, ‘തടസ്സം നേരിട്ടാല്‍ ഇഹ്റാമില്‍ നിന്ന് ഒഴിവാകു’മെന്ന് നിബന്ധന വെച്ചാലും ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാണ്.

രോഗം മൂലം തടയപ്പെട്ടാല്‍

രോഗം ഹേതുവായി ഹജ്ജോ ഉംറയോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇടയില്‍ വെച്ച് തഹല്ലുല്‍ പാടില്ല. സുഖപ്പെടുന്നത് വരെ ക്ഷമിച്ചു കാത്തിരിക്കണം. സുഖപ്പെടുന്നതിന് മുമ്പ് അറഫ ദിവസം വന്നെത്തുകയും അറഫയില്‍ നില്‍ക്കാന്‍ കഴിയാതെ ഹജ്ജ് നഷ്ടപ്പെടുകയും ചെയ്താല്‍ ഉംറയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ഇഹ്റാമില്‍ നിന്ന് തഹല്ലുലാവുകയും ഹജ്ജ് ഖള്വാഅ് വീട്ടുകയും വേണം. ഇഹ്റാം ചെയ്യുമ്പോള്‍ രോഗം, ധന നഷ്ടം, ആര്‍ത്തവം തുടങ്ങിയ വിഷമം നേരിട്ടാല്‍ ഇഹ്റാമില്‍ നിന്ന് ഒഴിവാകുമെന്ന് നിബന്ധന വെച്ചാല്‍ അവന് ഒഴിവാകാവുന്നതും അറവും ഖള്വാഉം നിര്‍ബന്ധമില്ലാത്തതുമാകുന്നു. നിര്‍ബന്ധമുള്ള ഹജ്ജാണെങ്കില്‍ പിന്നീട് കഴിവുണ്ടാകുമ്പോള്‍ വീട്ടണം.