സ്വഫാ മര്‍വക്കിടയില്‍ സഅ് യ് ചെയ്യുന്നതിന്റെ നിബന്ധനകള്‍ നാലാകുന്നു.
1. സ്വഫാ മര്‍വയുടെ ഇടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും വിട്ടുകടക്കുക. കുന്നുകളുടെ രൂപഭാവങ്ങള്‍ മാറിയ സാഹചര്യത്തില്‍ ഉറപ്പുവരുന്നത് വരെ കയറേണ്ടതാണ്. എന്നാല്‍ സ്വഫയില്‍ കയറിനില്‍ക്കാന്‍ ഇപ്പോഴും ഉയര്‍ന്ന ഭാഗങ്ങളുണ്ട്. അതിന്റെ മുകളില്‍ വരെ കയറേണ്ടതില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ല.
2. സ്വഫ മുതല്‍ നടത്തം ആരംഭിക്കുക. ഇടക്കുവെച്ചോ മര്‍വയില്‍ നിന്നോ നടത്തം തുടങ്ങിയാല്‍ അത്രയും ഭാഗം പരിഗണിക്കുന്നതല്ല. സ്വഫയില്‍ നിന്ന് തുടങ്ങിയതേ ഗണിക്കപ്പെടുകയുള്ളൂ.
3. ഏഴുവട്ടം പൂര്‍ത്തിയാക്കുക.
4. സഅ് യ് സ്വഹീഹായ ത്വവാഫിനു ശേഷമായിരിക്കുക. മീഖാത്തില്‍ നിന്ന് ഹജ്ജിനുമാത്രം ഇഹ്റാം ചെയ്തവര്‍ക്ക് മക്കയിലെത്തി ആദ്യമായി നടത്തുന്ന ഖുദൂമിന്റെ ത്വവാഫിനുശേഷം ഹജ്ജിന്റെ സഅ്യ് ചെയ്യുന്നതാണ് ശ്രേഷ്ഠമായത്. ഹജ്ജിന്റെ ഭാഗമായ ഇഫാള്വതിന്റെ ത്വവാഫിനുശേഷം സഅ്യ് ചെയ്താലും മതി. ഖുദൂമിന്റെ ത്വവാഫിനുശേഷം സഅ്യ് ചെയ്തവര്‍ പിന്നീട് സഅ്യ് ചെയ്യേണ്ടതില്ല.
മീഖാത്തില്‍ നിന്ന് ഉംറക്കു മാത്രം ഇഹ്റാം ചെയ്തവര്‍ പിന്നീട് മക്കയില്‍ നിന്നു തന്നെ ഹജ്ജി നു ഇഹ്റാം ചെയ്യുകയാണെങ്കില്‍ അവര്‍ ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്.