മിനയിലേക്ക്

   കഅ്ബാശരീഫിന്റെ കിഴക്ക് അല്‍പ്പം തെക്കോട്ടുമാറി മിനാ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു. ഹറമില്‍ നിന്ന് ആരോഗ്യമുള്ളവര്‍ക്ക് നടക്കാന്‍ മാത്രമുള്ള ദൂരമേ മിനായിലേക്കുള്ളൂ. ഇപ്പോള്‍ കാല്‍നടക്കാര്‍ക്കു വേണ്ടി ടണലും പന്തലും സംവിധാനിച്ചിട്ടുണ്ട്. മിനയില്‍ നിന്ന് അല്‍പ്പവും കൂടി തെക്കോട്ട് നീങ്ങിയാല്‍ മുസ്ദലിഫ എന്ന സ്ഥലമായി. അവിടെ നിന്ന് കുറച്ചുകൂടി നീങ്ങി അറഫയും സ്ഥിതിചെയ്യുന്നു. എന്നാല്‍ ഹാജിമാരുടെയും മുത്വവ്വിഫുമാരുടെയും സൌകര്യാര്‍ത്ഥം ദുല്‍ഹജ്ജ് ഏഴിനു രാത്രിയാണ് ഇപ്പോള്‍ സാധാരണയായി മിനായിലേക്ക് പുറപ്പെടാറുള്ളത്.

ഹാജിമാര്‍ക്ക് മിനയില്‍ താമസിക്കുവാന്‍ മുത്വവ്വിഫ് വക തമ്പുകള്‍ ലഭിക്കുന്നതാണ്. വര്‍ഷം പ്രതി ഹാജിമാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇപ്പോള്‍ വളരെ പരിമിതമായ സൌകര്യങ്ങള്‍ മാത്രമേ മിനാ തമ്പുകളില്‍ ലഭിക്കുകയുള്ളൂ. ദുല്‍ഹജ്ജ് മാസാരംഭം മുതല്‍ മുത്വവ്വിഫുമാരുടെ ഓഫീസുകളില്‍ നിന്ന് തമ്പിന്റെയും വാഹനത്തിന്റെയും കാര്‍ഡ് വിതരണം ചെയ്യപ്പെടും. മുമ്പ് ലഭിച്ച കാര്‍ഡ് കാണിച്ചാല്‍ തമ്പ് കാര്‍ഡ് കരസ്ഥമാക്കാം. ഇത് വൈകാതെ കരസ്ഥമാക്കണം. പരിചയക്കാരായ ഇരുപത് പേര്‍ ഒന്നിച്ച് ബിത്വാഖ കാണിച്ച് ഒരു തമ്പ് സ്വന്തമാക്കുന്നത് പലതുകൊണ്ടും നല്ലതാണ്. ഒരു തമ്പ് സാധാരണയില്‍ ഇരുപത് പേര്‍ക്ക് താമസിക്കാനുള്ളതാണ്. കൂടെയുള്ള സ്ത്രീകളെ തമ്പില്‍ മറയുണ്ടാക്കി ഒരു ഭാഗത്ത് താമസിപ്പിക്കുന്നതാണ് നല്ലത്. നിസ്കാരം ജമാഅത്തായി നടത്താനും ഭക്ഷണം സ്വരൂപിക്കാനും മറ്റും പരിചയക്കാര്‍ ഒന്നിക്കുന്നത് മൂലം സാധിക്കും. പല സംസ്ഥാനക്കാര്‍ ഒരു തമ്പില്‍ പെട്ടുപോയാല്‍ പല പ്രശ്നങ്ങളും സ്വാഭാവികമാണ്. അതില്ലാതിരിക്കാനാണ് പരിചയക്കാരെ സംഘടിപ്പിക്കണമെന്നു പറഞ്ഞത്.

മിനായിലേക്ക് പുറപ്പെടുന്നതിനായി ദുല്‍ഹജ്ജ് ഏഴിനു ഇശാ കഴിഞ്ഞ് മുത്വവ്വിഫുമാരുടെ ഓ ഫീസുകള്‍ക്കടുത്ത് എത്തിച്ചേരാന്‍ അവര്‍ പറയും. ഒരു മുത്വവ്വിഫിന്റെ കീഴിലുള്ള അയ്യായിരത്തോളം വരുന്ന ഹാജിമാരെ മിനയിലേക്കെത്തിക്കാന്‍ നാല്‍പ്പതോ അമ്പതോ ബസ്സുകളാണുണ്ടാവുക. മുഴുവന്‍ ഹാജിമാരും വളരെ നേരത്തെ എത്തി കാത്തിരുന്ന് വിഷമിക്കുന്നതും ബസ്സില്‍ കയറിപ്പറ്റാന്‍ തിക്കിത്തിരക്കുന്നതും സദാ കാണാറുണ്ട്. എല്ലാ ഹാജിമാരെയും വാഹനത്തില്‍ കയറ്റി മിനയിലെത്തിക്കല്‍ മുത്വവ്വിഫിന്റെ ബാധ്യതയാണ്. അതവര്‍ നിര്‍വഹിക്കാതിരിക്കില്ല. തിരക്കുകൂട്ടാതെ അവനവന്റെ മുത്വവ്വിഫിന്റെ നമ്പറെഴുതിയ ബസ്സുകളില്‍ സൌകര്യാനുസരണം കയറുക. മിനയിലേക്ക് പുറപ്പെട്ടാല്‍ പെരുന്നാള്‍ ദിവസം കല്ലേറ് കഴിഞ്ഞ് മാത്രമാണ് മക്കയിലെ റൂമുകളില്‍ തിരിച്ചെത്തുക. ഹജ്ജിന്റെ ത്വവാഫിനു വേണ്ടി പെരുന്നാള്‍ ദിവസം ഹറമിലേക്ക് മടങ്ങാന്‍ അസൌകര്യമുള്ളവര്‍ മിനായിലെ അമലുകളെല്ലാം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. അതിനാല്‍ പ്രസ്തുത ദിവസങ്ങളിലേക്കാവശ്യമായ വസ്ത്രങ്ങളും മറ്റും കൂടെ കരുതണം. പഴവര്‍ഗങ്ങളും ഭക്ഷണവസ്തുക്കളും മറ്റും സുലഭമായി മിനയില്‍ ഇക്കാലത്ത് വിലക്കുവാങ്ങാന്‍ ലഭിക്കുന്നതാണ്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുദ്ദേശിക്കുന്നവര്‍ അരിയും മറ്റ് സാധനങ്ങളും കരുതണം.

വിലപിടിച്ച വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവ മക്കയില്‍ തന്നെ സൂക്ഷിക്കണം. മിന, അറഫ യാത്രകളില്‍ അവ നഷ്ടപ്പെടാന്‍ സാഹചര്യങ്ങള്‍ കൂടുതലാണ്. അത്യാവശ്യപണം കഴിച്ചു ബാക്കി അനാമത്തായി സൂക്ഷിക്കാന്‍ മുത്വവ്വിഫുമാരുടെ ഓഫീസില്‍ സൌകര്യമുണ്ടായിരിക്കും.

മിനയിലേക്ക് പുറപ്പെടുന്നതോടെ തല്‍ബിയത്ത് ധാരാളമായി ചൊല്ലുക, ദുര്‍ബലരെ സഹായിക്കുക, ആര്‍ക്കും ബുദ്ധിമുട്ട് വരുത്താതിരിക്കുക, ബസ്സുകളിലും മറ്റും ഇതര ഹാജിമാര്‍ക്ക് സൌ കര്യം ചെയ്തു കൊടുക്കുക മുതലായ മര്യാദകള്‍ പാലിക്കണം. ഹജ്ജ് വേളയില്‍ അനാവശ്യങ്ങളോ ദുര്‍തര്‍ക്കങ്ങളോ പാടില്ലെന്ന ഖുര്‍ആനിക പ്രഖ്യാപനം സദാ ഓര്‍ത്തു പെരുമാറണം. മക്കാ ശരീഫില്‍ നിന്ന് മിനയിലേക്ക് പുറപ്പെട്ടാല്‍ അല്ലാഹുമ്മ ഇയ്യാക അര്‍ജൂ… എന്ന ദിക്റ് (‘ദിക്ര്‍ ദുആകള്‍’) ചൊല്ലല്‍ സുന്നത്താണ്.