ത്വവാഫ്: ശ്രദ്ധേയമായ വസ്തുതകള്‍

   ത്വവാഫില്‍ ഗൌനിക്കേണ്ടതും പലരും ശ്രദ്ധിക്കാത്തതുമായ ചില പ്രധാന വസ്തുതകള്‍ താഴെ പറയുന്നു.

1. ത്വവാഫില്‍ പ്രത്യേകം ഒരു ദിക്റും ദുആയും നിര്‍ബന്ധമില്ല. ഒന്നും മിണ്ടാതെ ചുറ്റല്‍ പൂര്‍ ത്തിയാക്കിയാലും ത്വവാഫ് സ്വഹീഹാകും. പൌരാണിക മഹാന്മാര്‍ പരിപാലിച്ചതും ഹദീസില്‍ വന്നതുമായ ദിക്റ് ദുആകള്‍ ചെയ്യുന്നത് വളരെ ഉത്തമമാണ്. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാന സ്ഥല സന്ദര്‍ഭമാണ് ത്വവാഫ്. കൂടാതെ മാതൃഭാഷയില്‍ അവനവന്റെ ആവശ്യങ്ങള്‍ പറയുകയോ അറിയാവുന്ന ദിക്റുകള്‍ ചൊല്ലുകയോ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുകയോ ചെയ്യാം.

2. നിസ്കാരത്തിന് വുള്വൂഅ് നിര്‍ബന്ധമായ പോലെ ത്വവാഫിനും വുളൂഅ് നിര്‍ബന്ധമാണ്. ത്വവാഫ് ചെയ്യുന്നതിനിടയില്‍ വുള്വൂഅ് നഷ്ടപ്പെട്ടാല്‍ ഉടന്‍ ത്വവാഫ് നിര്‍ത്തി വുള്വൂഅ് ചെയ് തശേഷം ബാക്കി ചുറ്റല്‍ പൂര്‍ത്തിയാക്കണം. വുള്വൂഅ് നഷ്ടപ്പെടുമ്പോള്‍ നടന്നിരുന്ന ചുറ്റ് പരിഗണനീയമല്ല. പുനരാരംഭിക്കുമ്പോള്‍ ഹജറുല്‍ അസ്വദ് മുതല്‍ തന്നെ തുടങ്ങണം. തുടക്കം മു തല്‍ തന്നെ ഏഴു ചുറ്റും ആവര്‍ത്തിക്കുന്നതാണുത്തമം. വുള്വൂഅ് ചെയ്തുവരാനുള്ള പ്രയാസങ്ങള്‍ കരുതി വുള്വൂഅ് കൂടാതെ ത്വവാഫ് തുടരരുത്. വമ്പിച്ച കുറ്റമുള്ള സംഗതിയാണത്. ഹജ്ജിന്റെ ത്വവാഫാണെങ്കില്‍ ഹജ്ജ് ലഭിക്കുകയുമില്ല.

3. പുരുഷന്മാര്‍ കഅ്ബാശരീഫിന്റെ കഴിയുന്നത്ര അടുത്തുകൂടിയും സ്ത്രീകള്‍ കഅ്ബ വിട്ട് അകന്ന് പുരുഷന്മാരുമായി കലരാതെയും ത്വവാഫ് ചെയ്യലാണ് സുന്നത്ത്.

4. ത്വവാഫിലുടനീളം ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ പൊക്കിള്‍ മറഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സ്ത്രീകള്‍ തലമുടിയും കാലിന്റെ അടിഭാഗവും വെളിയില്‍ കാണിക്കരുത്.

5. കഅ്ബാ ശരീഫിന്റെ വളരെ അടുത്തുകൂടി ത്വവാഫ് ചെയ്യാം. പക്ഷേ, കഅ്ബയുടെ ചുവരില്‍ തൊടുകയോ ഹിജ്ര്‍ ഇസ്മാഈലിനു ചുറ്റും കെട്ടിയ ഭിത്തിയുടെ മുകളിലൂടെ കൈവെക്കുകയോ അരുത്.

6. കഅ്ബാശരീഫിനെ ഇടതുവശത്താക്കിത്തന്നെ നടക്കണം. കഅ്ബയുടെ നേര്‍ക്ക് തിരിയരുത്. അഥവാ വല്ലപ്പോഴും തിരിഞ്ഞുപോയാല്‍ അത്രയും ദൂരം പിറകോട്ട് വന്ന് കഅ്ബ ഇടതുവശമാക്കി നടത്തം ആവര്‍ത്തിക്കണം.

7. സ്ത്രീ പുരുഷന്മാര്‍ സമ്മിശ്രമായി നടക്കുന്ന സന്ദര്‍ഭത്തില്‍ ദുരുദ്ദേശ്യപരമായ യാതൊരു ചലനങ്ങളും വിചാരങ്ങളും ഉണ്ടാകാന്‍ പാടില്ല. അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിന് മുറ്റത്ത് പവിത്രമായ ഒരു ഇബാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ചിന്ത എപ്പോഴുമുണ്ടാകണം. ഇത്ത രം ദുഷ് ചെയ്തികളിലൂടെ കഅ്ബയെ നിന്ദിച്ചതിന്റെ പേരില്‍ പരലോക ശിക്ഷക്കു പുറമെ ഇ ഹലോകത്ത് വെച്ച് തന്നെ പല ദുരന്തങ്ങളും അനുഭവിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

8. മറ്റുള്ളവരെ ഉപദ്രവിക്കുക, തിക്കും തിരക്കും സൃഷ്ടിക്കുക, ബലഹീനരെ നിന്ദിക്കുക, വിവരക്കേട് ചെയ്യുന്നവരെ നിസ്സാരമാക്കുക തുടങ്ങിയ ദുസ്വഭാവങ്ങള്‍ വര്‍ജിക്കണം.

9. മേല്‍മുണ്ട് ഇള്ത്വിബാഅ് രൂപത്തില്‍ ധരിക്കല്‍ ശേഷം സഅ്യുള്ള ത്വവാഫില്‍ മാത്രമാണ് സുന്നത്തുള്ളത്. ഇഹ്റാമിന്റെ മറ്റു സന്ദര്‍ഭങ്ങളില്‍ അപ്രകാരം ചെയ്യുന്നത്. സുന്നത്തിനു വിരുദ്ധവും അജ്ഞതയുമാണ്.

ത്വവാഫിന്റെ സുന്നത്ത് നിസ്കാരം

   ത്വവാഫ് പൂര്‍ത്തിയാക്കിയ ശേഷം രണ്ട് റക്അത് നിസ്കാരം സുന്നത്തുണ്ട.് ഇത് നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ട്. ‘മഖാമു ഇബ്രാഹിമിന്റെ അടുക്കല്‍വെച്ച് നിസ്കരിക്കണമെന്ന ഖുര്‍ആന്‍ ശരീഫിന്റെ കല്‍പ്പന ഇതുമായി ബന്ധപ്പെട്ടതാണ്’.

മഖാമു ഇബ്രാഹിമിന്റെ തൊട്ടുപിന്നില്‍ മൂന്ന് മുഴം അടുത്തുവെച്ചാണ് ഈ നിസ്കാരം ഏറ്റവും ഉത്തമം. അവിടെവെച്ച് നിസ്കാരം സാധിച്ചില്ലെങ്കില്‍ പിന്നെ ഹിജ്ര്‍ ഇസ്മാഈലിനകത്തും അതിനും കഴിഞ്ഞില്ലെങ്കില്‍ മസ്ജിദുല്‍ ഹറാമിന്റെ മറ്റ് ഭാഗങ്ങളില്‍വെച്ചോ ആകാം. മറ്റെവിടെവെച്ച് നിസ്കരിച്ചാലും സുന്നത്ത് ലഭിക്കും. ത്വവാഫില്‍ ഇള്ത്വിബാഅ് സ്വീകരിച്ചവര്‍ നിസ്കാരം ആരംഭിക്കുന്നതിന് മുമ്പ് അതൊഴിവാക്കി ചുമല്‍ മറക്കും വിധം തട്ടമിടണം. ഈ നിസ്കാരത്തിന് ഇപ്രകാരം നിയ്യത്ത് ചെയ്യാം. “ത്വവാഫിന്റെ രണ്ട് റക്അത് സുന്നത്ത് നിസ്കാരം അല്ലാഹുവിനുവേണ്ടി ഞാന്‍ നിസ്കരിക്കുന്നു”. ഇത്തരം നിയ്യത്തുകള്‍ മാതൃഭാഷയില്‍ മാത്രമായാ ലും മതിയാകും. ഒന്നാം റക്അതില്‍ ഫാതിഹക്കു ശേഷം സൂറതുല്‍ കാഫിറൂനയും രണ്ടാം റക്അതില്‍ സൂറതുല്‍ ഇഖ്ലാസ്വും ഓതല്‍ സുന്നത്താണ്. രാത്രിയാണെങ്കില്‍ ശബ്ദത്തില്‍ ഓതല്‍ സുന്നത്തുണ്ട്. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ ത്വവാഫ് ചെയ്യുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കും വിധം മഖാമു ഇബ്രാഹിമിനു തൊട്ടടുത്തുവെച്ച് നിസ്കരിക്കാതെ മറ്റു സ്ഥലത്ത് വെച്ച് നിസ്കരിക്കുകയാണ് വേണ്ടത്. അവിടെവെച്ച് നിസ്കരിക്കുമ്പോള്‍, പലപ്പോഴും തിക്കില്‍പ്പെട്ട് നിസ്കാരം നഷ് ടപ്പെട്ടുപോകാറുണ്ട്. ത്വവാഫിന്റെ സുന്നത്ത് നിസ്കാര ശേഷം മനമുരുകി പ്രാര്‍ഥിക്കുക. പ്ര ത്യേക പ്രാര്‍ഥന ‘ദിക്ര്‍ ദുആകള്‍’ എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.

മുല്‍തസമിലേക്ക്

   ത്വവാഫും ശേഷമുള്ള സുന്നത്ത് നിസ്കാരവും ദുആയും കഴിഞ്ഞ് വീണ്ടും ഹജറുല്‍ അസ്വദിനെ ചുംബിക്കലും തൊടലും നെറ്റിവെക്കലും സുന്നത്താണ്. നബി(സ്വ) ത്വവാഫിനു ശേഷം ഹജറുല്‍ അസ്വദ് ചുംബിച്ചിരുന്നതായി ഹദീസില്‍ വന്നിരിക്കുന്നു. ത്വവാഫിനു ശേഷം സഅ് യുള്ളവര്‍ മുല്‍തസമിലേക്കും പാത്തിയുടെ ചുവട്ടിലേക്കും പോകാതെ സംസം കുടിച്ച് സ്വഫയിലേക്ക് തിരിക്കുകയാണ് വേണ്ടത്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിശുദ്ധ കഅബയുമായി വളരെ അടുത്ത് ബന്ധപ്പെട്ട് ചില ദുആകള്‍ കൂടി നടത്താവുന്നതാണ്.

റഹ്മാനായ അല്ലാഹുവിന്റെ വിശുദ്ധഭവന മുറ്റത്ത് നിന്ന് എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട് പരമശുദ്ധനായിത്തീരണമെന്ന ഉല്‍ക്കടമായ അഭിലാഷത്തോടെ മനംനൊന്ത് പ്രാര്‍ഥിക്കുന്ന ദുആക്ക് വളരെയേറെ ഉത്തരം ലഭിക്കുമെന്നുറപ്പുള്ള സ്ഥാനമാണ് മുല്‍തസം. അഥവാ ഹജറുല്‍ അസ്വദിന്റെയും കഅ്ബാലയ കവാടത്തിന്റെയും ഇടക്കുള്ള സ്ഥലം. അവിടെ ഭക്തവിശ്വാസികള്‍ കരച്ചിലും പറച്ചിലുമായി തങ്ങിക്കൂടുന്നതിനാലാണ് മുല്‍തസം എന്ന പേര് സിദ്ധിച്ചത്. തങ്ങിക്കൂടുന്ന സ്ഥലം എന്നര്‍ഥം. ഒഴിവുള്ള എല്ലാ സന്ദര്‍ഭങ്ങളിലും മുല്‍തസമില്‍ ചെന്ന് കരഞ്ഞ് ദുആ ഇരക്കാന്‍ സമയം കണ്ടെത്തണം. ത്വവാഫിന്റെ ഏഴാം ചുറ്റില്‍ നടത്തിയ പ്രാ ര്‍ഥന മുല്‍തസമില്‍ വെച്ച് പ്രത്യേകം പ്രാര്‍ഥിക്കാവുന്നതാണ്. ‘ദിക്ര്‍ ദുആകള്‍’ എന്ന ഭാഗം കാണുക.