ബലികര്‍മ്മം

   ഏകദേശം നാലായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അല്ലാഹുവിന്റെ ഉറ്റമിത്രമായ ഇബ്രാഹിംനബി(അ)യോട് അല്ലാഹുവിന്റെ നിര്‍ദ്ദേശം. ഓമനപുത്രന്‍ ഇസ്മാഈല്‍ നബി(അ)യെ അറുക്കണം. നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് മഹാന് യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. മകനെയും കൂട്ടി മിനാ താഴ്വാരയിലേക്ക് നീങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴേക്കും അല്ലാഹുവിന്റെ ഓര്‍ഡര്‍ വന്നു. ‘ഇബ്രാഹിം, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇനി മകനെ അറുക്കുന്നതിനു പകരം ആടിനെ അറുക്കുക’. അപ്പോഴേക്കും സ്വര്‍ഗഭാഗത്തുനിന്നും ഒരാടുമായി ജിബ്രീല്‍(അ) മിനാ താഴ്വരയിലെത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ മഹാനായ വ്യക്തി, മകനുപകരം ആടിനെ അറുത്തു. അല്ലാഹുവിന്റെ ഉറ്റമിത്രമെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. ഇതിന്റെ അലയടി അന്ത്യനാള്‍ വരെ ഭൂമുഖത്തുണ്ടാകണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. അങ്ങനെയാണ് മറ്റൊരു പ്രവാചകന്റെ അനുസ്മരണം മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ വരുന്നത്. ഇബ്രാ ഹിം നബി(അ) മാതൃകാ പുരുഷനാണ്. അവര്‍ കാണിച്ച മാതൃകാ പ്രവര്‍ത്തനം എക്കാലത്തും അനുസ്മരിക്കപ്പെടണം. അത് പ്രപഞ്ചനാഥന്റെ തീരുമാനമത്രെ. നാം അത് നടപ്പാക്കുന്നു.

ഈ അറവ് ബലിപെരുന്നാളോടനുബന്ധിച്ച് നടത്താന്‍ മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിനു അല്ലാഹുവിന്റെ നിര്‍ദ്ദേശമുണ്ടായി. ഏകദേശം ആയിരത്തിനാനൂറ് സംവത്സരമായി നാം ഇത് ചെയ്തുവരുന്നു. അറവ് സംബന്ധമായ മസ്അലകള്‍ നാം മനസ്സിലാക്കണം.

ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടത്. ആട് എന്നതില്‍ നെയ്യാട്, കോ ലാട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടു വയസ്സും പ്രായമാണ് വേണ്ടത്. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ, എന്നിവ ഉള്‍പ്പെടും. ഇതിന് രണ്ട് വയസ്സു പൂര്‍ത്തിയാകണം. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സുതന്നെ പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ അറ വു കഴിവുള്ളവര്‍ക്ക് ശക്തമായ സുന്നത്താണ്. സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത്. പ്രായപൂര്‍ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം. അറവുകാര്‍ക്കു വേണ്ട അഞ്ച് നിബന്ധനയത്രെ ഇത്.

ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകില്‍ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിര്‍ണയിക്കുമ്പോള്‍ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിര്‍ബന്ധം. എന്നാല്‍ നാവുകൊണ്ടുച്ചരിക്കല്‍ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാന്‍ കരുതി’ അല്ലെങ്കില്‍ ‘ഉളുഹിയ്യത്തെന്ന സുന്നത്തിനെ ഞാന്‍ വീട്ടുന്നു’ എ ന്നോ കരുതുക. ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യതാണ് എന്നീ പ്രയോഗങ്ങള്‍ കാരണത്താല്‍ അതിനെ അറുക്കല്‍ നിര്‍ബന്ധമായിത്തീരും. അങ്ങനെ വന്നാല്‍ അതില്‍ നിന്നു മൂന്നിലൊന്നെടുക്കാനോ അവന് ഭക്ഷിക്കാനോ പാടില്ല. ഇത് സാധാരണക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മസ്അലയാണ്. അഥവാ ‘സുന്നത്തായ ഉളഹിയ്യത്തെന്ന്’ തന്നെ കരുതണം. വെറും ഉളുഹിയ്യത്തെന്ന് കരുതിയാല്‍ പോരാ.

നേരത്തേ തന്നെ ഉളുഹിയ്യത്തിന് നേര്‍ച്ചയാക്കിയതാണെങ്കില്‍ പിന്നീട് നിയ്യത്ത് ആവശ്യമില്ല. നിയ്യത്ത് നേര്‍ച്ചയില്‍ വന്നതുകൊണ്ടാണ് ആവശ്യമില്ലെന്ന് പറയുന്നത്. നാലുദിവസമാണ് ഉളുഹിയ്യത്ത് നിര്‍വ ഹിക്കാന്‍ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാള്‍ ദിവസം രാവിലെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്കാരത്തിന്റെയും രണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയര്‍ന്ന ശേഷമാണ് നല്ലത്. മിന്‍ഹാജിലും മറ്റും ഇതാണ് പറയുന്നത്. നാലാം ദിവസം മഗ്രിബ് വരെ അറവിന്റെ സമയമാണ്. ഈ നാല് ദിവസത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും അറക്കാവുന്നതാണ്. അറവ് രാത്രി നടത്താമെങ്കിലും അത് കറാഹത്താണ്. അതിനാല്‍ പകല്‍ അറവ് നടത്തലാണ് ഏറ്റവും നല്ലത്. ഈ നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അറവ് നടത്തിയാല്‍ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്ത് ഈ സമയത്തറുത്തിട്ടില്ലെങ്കിലും അത് ഉടനെ അറുക്കേണ്ടതാമ്. അത് ഖള്വാആയിത്തീരും.

പാലിക്കേണ്ട ചില മര്യാദകള്‍

    ഉളുഹിയ്യത്തറവ് ദ്ദേശിച്ചവര്‍ ദുല്‍ഹജ്ജ് മാസം പിറന്നാല്‍ അറവ് നടത്തുന്നത് വരെ ശരീരത്തില്‍ നിന്നു നഖം, മുടി മുതലായവ നീക്കല്‍ കറാഹത്താണ്. അഥവാ ഇവ നീക്കാതിരിക്കുകയാണ് വേണ്ടത്. സ്വന്തം അറക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യലാണ് സുന്നത്ത്. നബി(സ്വ) ഇപ്രകാരം തിരുകരം കൊണ്ട് അറുത്ത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അറുക്കുമ്പോള്‍ ബിസ്മിയും തക്ബീറും ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകളും അറുക്കാന്‍ കഴിവില്ലാത്തവരും യോഗ്യരായവരെ ഉത്തരവാദിത്തപ്പെടുത്തലാണ് സുന്നത്ത്. അറവ് സമയത്ത് ഏല്‍പ്പിച്ചവര്‍ സ്ഥലത്തുണ്ടായിരിക്കല്‍ സുന്നത്താണെന്ന കാര്യം നാം വിസ്മരിക്കരുത്. അറുക്കുന്ന മൃഗത്തിനു പോഷകാഹാരങ്ങള്‍ നല്‍കി വളര്‍ത്തുക. അതിനു താമസിക്കാനുള്ള സ്ഥലം സൌകര്യം ചെയ്തുകൊടുക്കുക. അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറക്കുന്നവര്‍ ഖിബ്ലയിലേക്ക് തിരിഞ്ഞുനില്‍ക്കുക. അറവു സമയത്ത് ബിസ്മി, സ്വലാത്ത്, സലാം എന്നിവ ചൊല്ലുക, അറവിനുശേഷം ‘അല്ലാഹുമ്മ ഹാദാ മിന്‍ക വഇലൈക ഫതഖബ്ബല്‍ മിന്നീ’ എന്ന് ചൊല്ലുക തുടങ്ങിയവ സുന്നത്താണ്. മാട്, ഒട്ടകം എന്നിവയില്‍ ഏഴു പേര്‍ പങ്കാളികളാകാവുന്നതാണ്. എന്നാല്‍ ആട് ഒരാള്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. പോരായ്മ ഉള്ള മൃഗങ്ങളെ അറവില്‍നിന്നൊഴിവാക്കണം. മജ്ജ പോയി മെലിഞ്ഞൊട്ടിയതും ചെവിയോ വാലോ അല്‍പ്പം പോയതും മതിയാകില്ല. മുടന്തുള്ളതും വ്യക്തമായ രോഗമുള്ളതും ഈ അറവിനു പറ്റില്ല. കാഴ്ചയില്ലാത്തതും ഇപ്രകാരം തന്നെ. ഗര്‍ഭമുള്ള മൃഗങ്ങളും അറവിനു പറ്റില്ലെന്നാണ് കര്‍മശാസ്ത്ര പണ്ഢിതരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ ഇത്തരം പോരായ്മയുള്ള മൃഗത്തെയോ പ്രായം തികയാത്തതിനെയോ ആരെങ്കിലും നേര്‍ച്ചയാക്കിയാല്‍ അതിനെത്തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. ഉളുഹിയ്യത്തിനിതു പറ്റില്ലെന്നു നാം മനസ്സിലാക്കണം. അറക്കേണ്ടത് ഉളുഹിയ്യത്തിന്റെ സമയത്തുതന്നെ ആകേണ്ടതും മറ്റെല്ലാ കാര്യങ്ങളും സാക്ഷാല്‍ ഉളുഹിയ്യത്തിന്റേതാണെന്നും മറക്കാതിരിക്കുക. നേര്‍ച്ചയാക്കിയ ഉളുഹിയ്യത്തിന്റെ മാംസം ഭക്ഷിക്കല്‍ അവന് ഹറാമാണ്. അത് മുഴുവനും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം. സുന്നതായ ഉളുഹിയ്യത്തിന്റെ മാംസം ധര്‍മ്മം ചെയ്യല്‍ സുന്നത്താണ്. അത് ഒരാള്‍ക്കു മാത്രം കൊടുത്താലും മതിയാകും. ബറകതിനു ഭക്ഷിക്കാന്‍ അല്‍പ്പമെടുത്ത് ബാക്കിയുള്ളത് മുഴുവനും ധര്‍മ്മം ചെയ്യലാണ് ഏറ്റവും നല്ലതെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. അറവുകാര്‍ മൂന്നിലൊന്ന് തന്നെ എടുക്കേണ്ടതില്ലെന്ന വസ്തുതയും സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.

മൃഗത്തിന്റെ തോല്‍ സ്വന്തം ഉപയോഗത്തിനെടുക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാല്‍ അത് വിറ്റ് പണിക്കു കൂലി കൊടുക്കാന്‍ പറ്റില്ല. അത് ധര്‍മ്മം ചെയ്യലാണ് ഏറ്റവും നല്ലത്. മുതലാളിമാര്‍ക്ക് ഉളൂഹിയ്യത്തിന്റെ മാംസം കൊടുക്കുന്നത് കൊണ്ട് വിരോധമില്ല. അവര്‍ക്ക് ക്രയവിക്രയത്തിനു അഥവാ വില്‍പ്പന നടത്താനോ മറ്റോ കൊടുക്കാന്‍ പറ്റില്ല.

അറവു നല്‍കുന്ന പാഠം

    ഉളുഹിയ്യത്തറവും ഹജ്ജിന്റെ മിക്ക അമലുകളും പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ആശയം അരക്കിട്ടുറപ്പിക്കുന്നവയാണെന്ന വസ്തുത നാം ഗ്രഹിക്കണം. ബദ്രീങ്ങളുടെയോ മുഹ്യിദ്ദീന്‍ ശൈഖിന്റെയോ പേരില്‍ മൃഗത്തെ അറക്കുന്നത് അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടിയുള്ള അറവാണെന്നും അത് ശിര്‍ക്കാണെന്നും പറഞ്ഞുനടക്കുന്നൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അറവ് സമയത്ത് ഇ വരെ ഓര്‍ത്തുപോകുന്നതാണ് ശിര്‍ക്കാകാനുള്ള കാരണമായി ഇവര്‍ പറയാറുള്ളത്. എന്നാല്‍ പുത്തനാശയക്കാര്‍ ഉളുഹിയ്യത്തറവിനു പ്രത്യേകം താത്പര്യമെടുക്കുന്നത് നാം കാണുന്നു. എന്നാല്‍ ഇബ്രാഹിംനബി(അ)യെയും ഇസ്മാഈല്‍ നബി(അ)യെയും ഓര്‍ ക്കാതെ ലോകത്താര്‍ക്കെങ്കിലും ഉളൂഹിയ്യത്തറുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവരെ ഓര്‍ക്കാന്‍ പറ്റില്ലെന്ന് പറയുന്നതില്‍ ഇവര്‍ രണ്ടുപേരും ഉള്‍പ്പെടുകയില്ലേ? പുത്തനാശയക്കാര്‍ ഇതിനു വ്യക്തമായ മറുപടി നല്‍കണം. അല്ലാഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്നതാണ് ആരാധന. അതില്‍ ഓര്‍ക്കേണ്ടവരെ ഓര്‍ക്കണം. നിസ്കാരം അല്ലാഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന ഇബാദത്താണെന്നതില്‍ തര്‍ക്കമില്ല. എന്നാ ല്‍ നബി(സ്വ)യെ അനുസ്മരിക്കാതെ നിസ്കരിക്കാന്‍ ഒരു സത്യവിശ്വാസിക്കു കഴിയുമോ?

അറവിനും പ്രതിസന്ധി

    ഇന്ത്യാരാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഗോവധനിരോധം നടപ്പാക്കിയതു കൊണ്ട് ഉളുഹിയ്യത്തറവിനു വിഷമം നേരിടുന്നു. സംസ്ഥാന സര്‍ക്കാറുകളാണ് ഈ നിരോധം ഏര്‍പ്പെടുത്തിയത്. ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ ചില വസ്തുതകള്‍ നാം മനസ്സിലാക്കണം. ഇന്ത്യക്ക് 1950 ജനുവരി 26 മുതല്‍ ഒരു ഭരണഘടന നിലവില്‍വന്നിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിനു അനുയോജ്യമായ ഭരണഘടനയാണിതെന്നു മൊത്തത്തില്‍ നമുക്ക് വിലയിരുത്താം. ഇതില്‍ മൌലികാവകാശങ്ങളെന്നും നിര്‍ദേശക തത്വങ്ങളെന്നും രണ്ടു ഭാഗമുണ്ട്. വേറെയും അനുബന്ധങ്ങളുണ്ട്. മൌലികാവകാശം പരമപ്രധാനമാണ്. ഓരോ പൌരനും അവനാഗ്രഹിക്കുന്ന മതത്തില്‍ വിശ്വസിക്കാനും ഇന്ത്യയുടെ അഖണ്ഡതക്കെതിരാകാതെ മതകാര്യങ്ങള്‍ നടത്താനും പ്രചരിപ്പിക്കാനും സ്വാതന്ത്യ്രമുണ്ട്. ഇത് ഓരോ പൌരന്റെയും മൌലികാവകാശമത്രെ. എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ അങ്ങനെയല്ല. മദ്യനിരോധം നടപ്പാക്കുക, ഗോവധ നിരോധം, പതി നാലു വയസ്സ് വരെയുള്ളവര്‍ക്ക് സൌജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളിലാണ് ഉള്‍ക്കൊള്ളിച്ചത്. മൌലികാവകാശങ്ങള്‍ക്ക് ഭംഗം വരുന്ന രൂപത്തില്‍ നിര്‍ദേശക തത്വം നടപ്പാക്കാന്‍ പാടില്ല. നാട്ടില്‍ അനുകൂല സാഹചര്യമുണ്ടാകുകയും സ്റ്റേറ്റ് തയ്യാറാവുകയും ചെയ്താല്‍ മാത്രമേ ഇവ നടപ്പാക്കേണ്ടതുള്ളൂ. വര്‍ഗീയ ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന സ്റ്റേറ്റുകളിലാണിപ്പോള്‍ ഗോവധ നിരോധം നടപ്പിലായിരിക്കുന്നത്. ഏതായാലും ഒരു വിഷയം നമുക്കു തുറന്നുപറയേണ്ടതുണ്ട്. വലിയപെരുന്നാളോ ടനുബന്ധിച്ച് ഉളുഹിയ്യത്തറവ് മുസ്ലിംകളുടെ ആരാധനയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മൌലികാവകാശവുമാണ്. അതിനു കോട്ടം പറ്റുന്ന രൂപത്തില്‍ ഇന്ത്യാ രാജ്യത്ത് ഗോവധ നിരോധം നടപ്പിലാക്കരുത്. പശുക്കള്‍ ചിലര്‍ക്ക് ദൈവമാണെങ്കില്‍ മറ്റു ചിലര്‍ക്കു മാംസമായുപയോഗിക്കാനുള്ളതാണ്. ദൈവമായി ആരാധിക്കുന്ന പശുവിനെ അറുക്കണ്ടായെന്നുവെച്ചാല്‍ പോരേ, ദൈവമാകുമ്പോള്‍ അറക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്‍ ആരാധിക്കപ്പെടുന്ന പശുക്കളെ മാറ്റിനിര്‍ത്തി മറ്റുള്ളവയെ അറുക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു ബന്ധപ്പെട്ടവരോട് നാം ആവശ്യപ്പെടണം.