വിശുദ്ധ മക്കയുടെ മഹത്വം

പ്രപഞ്ചോല്‍പ്പത്തി മുതല്‍ മനുഷ്യ വംശത്തിന്റെ സാംസ്കാരികാസ്ഥാനമായി സ്രഷ്ടാവായ അല്ലാഹു നിര്‍ണയിച്ച കേന്ദ്രമാണ് വിശുദ്ധ മക്കാ ശരീഫ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹ്യപരമായും മക്കയുടെ സവിശേഷത സര്‍വ്വ സമ്മത യാഥാര്‍ഥ്യമാണ്. സത്യവിശ്വാസികള്‍ ദിനേന പലതവണ മുന്നിടുന്ന കഅ്ബാ ശരീഫ് സ്ഥിതിചെയ്യുന്നത് അവിടെയാണ്. ഖലീലുല്ലാഹി ഇബ്രാഹിം(അ) മുതല്‍ അല്ലാഹുവിന്റെ നിരവധി ദൂതന്മാര്‍ ഇസ്ലാമിക നാഗരികതയുടെ പൊന്‍പ്രഭ ചൊരിഞ്ഞത് വിശുദ്ധ മക്കയുടെ പ്രവിശാലമായ മണ്ണിലാണ്. സൃഷ്ടിജാലങ്ങള്‍ക്കഖിലം അനുഗ്രഹമായി അല്ലാഹു തിരഞ്ഞെടുത്തയച്ച യുഗപ്രഭാവനായ റസൂല്‍കരീം(സ്വ) ഉദയം ചെയ്തതും വളര്‍ന്ന് വലുതായതും നിയോഗം ലഭിച്ചതും മക്കയുടെ വിരിമാറിലാണ്. എണ്ണമറ്റ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ച “ഗ്രാമങ്ങളുടെ മാതാവിനു” (ഉമ്മുല്‍ഖുറ) ഭൂപ്രദേശങ്ങളില്‍ ഒന്നാം പദവിയാണ് ഇസ്ലാം കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നു: “മനുഷ്യര്‍ക്കായി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം, അനുഗ്രഹീതവും ലോകത്തിനാകെ മാര്‍ഗദര്‍ശകവുമായ നിലയില്‍ മക്കയില്‍ സ്ഥാപിക്കപ്പെട്ട ഭവനമാകുന്നു (കഅ്ബയാകുന്നു). അവിടെ പ്രത്യക്ഷങ്ങളായ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതില്‍ പെട്ടതാണ് മഖാമു ഇബ്റാഹിം. അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായി” (ഖുര്‍ആന 3/96).

ഭൂമിയില്‍ കഅ്ബാ ശരീഫിന്റെ സ്ഥാനത്തെയാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്. ആദിമ മനുഷ്യനായ ആദം(അ)ന്റെ ആഗമനത്തിനു മുമ്പുതന്നെ മലകുകളാല്‍ അവിടെ കഅ്ബാ ഭവനം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ആകാശ ലോകത്തുള്ള എണ്ണമറ്റ മലകുകള്‍ സദാ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ബൈതുല്‍ മ’അ്മൂറിന്റെ രേഖയിലാണ് കഅ്ബാ ശരീഫ് സ്ഥിതിചെയ്യുന്നത്. കഅ്ബാ ശരീഫിന്റെ ഉപരിതലം ആകാശലോകം മുഴുക്കെ പരിപാവനമാണ്.

മുഴുവന്‍ നബിശ്രേഷ്ഠന്മാരും കഅ്ബാ ഭവനത്തെ പ്രദക്ഷിണം വെച്ചതായും ഹജ്ജ് നിര്‍വ്വഹിച്ചതായും രേഖയുണ്ട്. നിരവധി ചരിത്ര സ്മാരകങ്ങളും ദൃഷ്ടാന്തങ്ങളും നിലകൊള്ളുന്ന വിശുദ്ധ മക്കാ ശരീഫിന്റെ മഹത്വം ഖുര്‍ആനിലും ഹദീസിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. നബി(സ്വ) പഠിപ്പിക്കുന്നു: “മക്കാ പ്രദേശം മനുഷ്യരാരുമല്ല, അല്ലാഹുവാണ് അതിനെ ഹറമായി പ്രഖ്യാപിച്ചത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ആര്‍ക്കും അവിടെ രക്തം ചിന്താന്‍ അനുവാദമില്ല. അവിടെയുള്ള വൃക്ഷങ്ങള്‍ മുറിക്കാന്‍ പാടില്ല” (ബുഖാരി, മുസ്ലിം).

മറ്റൊരു ഹദീസില്‍ നിന്ന് ഇങ്ങനെ ഗ്രഹിക്കാം: “മക്ക; ഈ പ്രദേശത്തെ ആകാശഭൂമിയെ സൃ ഷ്ടിച്ച നാളില്‍ തന്നെ അല്ലാഹു പവിത്രമായി പ്രഖ്യാപിച്ചിരിക്കുന്നു. അന്ത്യനാള്‍വരെ ഇത് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പവിത്രമായിരിക്കുന്നതാണ്. ഇവിടെയുള്ള വൃക്ഷങ്ങള്‍ മുറിക്കാന്‍ പാടില്ല. മൃഗങ്ങളെ വേട്ട ചെയ്യരുത്. ഇവിടെ നിന്ന് വീണുകിട്ടുന്ന സാധനങ്ങള്‍ ആരുടേതാണെന്ന് ഉറപ്പുണ്ടെങ്കിലല്ലാതെ എടുക്കാവതല്ല” (ബുഖാരി, മുസ്ലിം).

വിശുദ്ധ ഹറം ശരീഫിന്റെ പവിത്രത വ്യക്തമാക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അതുമായി ബന്ധപ്പെടുത്തി നിയമിച്ചിരിക്കുന്നു. അവിടെവെച്ചുള്ള ഇബാദത്തുകള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ വെച്ചു ചെയ്യുന്ന ഇബാദത്തുകളെക്കാള്‍ ലക്ഷങ്ങള്‍ കണക്കെ പ്രതിഫലം ലഭിക്കുന്നതാണെന്ന് സ്വഹീഹായ നിരവധി ഹദീസുകളില്‍ വന്നിരിക്കുന്നു. “മദീനയിലെ എന്റെ പള്ളിയില്‍ വെച്ചുള്ള ഒരു നിസ്കാരം മറ്റു പള്ളികളില്‍ വെച്ച് നിര്‍വഹിക്കുന്ന ആയിരം നിസ്കാരങ്ങളുടെ മഹത്വമുള്ളതാണ്. മക്കാ പള്ളിയില്‍ വെച്ചുള്ള നിസ്കാരം എന്റെ പള്ളിയില്‍ വെച്ചുള്ള നൂറ് നിസ്കാരത്തിന്റെ പ്രതിഫലമുള്ളതാണ്” (അഹ്മദ്, ഇബ്നുഹിബ്ബാന്‍).

മക്കയുടെ ആദരം പ്രകടമാക്കുന്ന മറ്റൊരു തെളിവാണ് അവിടെവെച്ച് അതിക്രമ പ്രവര്‍ത്തനങ്ങള്‍ ചിന്തിക്കാന്‍ പോലും പാടില്ലെന്ന അല്ലാഹുവിന്റെ കല്‍പ്പന. ഖുര്‍ആന്‍ പറയുന്നു: “അവിടെവെച്ച് അക്രമപരമായി വല്ലതും ചെയ്യാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ വേദനാജനകമായ ശിക്ഷ അവനെ നാം അനുഭവിപ്പിക്കുന്നതാണ്”. ‘ഗ്രാമങ്ങളുടെ മാതാവ്’ എന്നര്‍ഥം വരുന്ന ‘ഉമ്മുല്‍ഖുറാ’ എന്ന പേരില്‍ വിശുദ്ധ ഖുര്‍ആന്‍ (അല്‍ അന്‍’ആം 92) മക്കയെ പരിചയപ്പെടുത്തിയിരിക്കുന്നു.