തല്‍ബിയത്ത്

   ഇമാം അസ്റഖി(റ) അഖ്ബാറു മക്ക എന്ന ഗ്രന്ഥത്തില്‍ ചരിത്രനിവേദകനായ ഇബ്നു ഇസ്ഹാഖിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം എഴുതുന്നു: “കഅബ നിര്‍മാണത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ഇബ്രാഹിം നബി(അ)യുടെ അടുത്ത് ജിബ്രീല്‍(അ) പ്രത്യക്ഷനായി കഅ്ബയെ ഏഴു തവണ ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു. അതനുസരിച്ചു താനും പുത്രന്‍ ഇസ്മാഈല്‍ നബി (അ)യും ഓരോ തവണയും കഅ്ബയുടെ മൂലയെ തൊട്ട് മുത്തിക്കൊണ്ട് ഏഴു ത്വവാഫ് ചെയ്തു. മഖാമു ഇബ്രാഹിമിന്റെ പിന്നില്‍വെച്ച് നിസ്കരിച്ചു.

മലക് ജിബ്രീല്‍(അ) ഇബ്രാഹിം നബി(അ)ക്ക് ഹജ്ജിന്റെ എല്ലാ അനുഷ്ഠാനങ്ങളും കാണിച്ചുകൊടുത്തു. തുടര്‍ന്ന് ലോകജനങ്ങളെ ഹജ്ജിനായി ക്ഷണിക്കാന്‍ ഇബ്രാഹിം നബി(അ)യോട് അല്ലാഹു കല്‍പ്പിച്ചു. ‘നാഥാ, ഞാന്‍ എങ്ങനെ എല്ലാവരെയും കേള്‍പ്പിക്കും.?’ എന്ന് ഇബ്രാഹിം നബി(അ) പറഞ്ഞപ്പോള്‍ ‘താങ്കള്‍ വിളിക്കുക, കേള്‍പ്പിക്കുന്നവന്‍ നാം ആകുന്നു’ എന്ന് അല്ലാഹുവില്‍ നിന്ന് മറുപടിയുണ്ടായി.

അതനുസരിച്ച് ഇബ്രാഹിം നബി(അ) മഖാമു ഇബ്രാഹിമില്‍ കയറിനിന്നു. അപ്പോള്‍ അത് ഭൂ ലോകത്തേക്ക് വെച്ച് ഏറ്റവും വലിയ മല കണക്കെ ഉയര്‍ന്നു. അനന്തരം ഭൂമിയിലെ സമനിരപ്പുകളെയും പര്‍വ്വതങ്ങളെയും കരകളെയും കടലുകളെയും മനുഷ്യരെയും ജിന്നുകളെയും അല്ലാഹു ഒരുമിച്ചുകൂട്ടി ഇബ്രാഹിം നബി(അ)യുടെ ആഹ്വാനത്തെ കേള്‍പ്പിച്ചു. ഇബ്രാഹിംനബി(അ) ഭൂമിയുടെ നാലുഭാഗത്തേക്കും തിരിഞ്ഞുനിന്നുകൊണ്ട് ആഹ്വാനം ചെയ്തു. ‘അല്ലയോ ജനങ്ങളേ, കഅ്ബത്തിങ്കലേക്ക് വന്നു ഹജ്ജു ചെയ്യല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനു പ്രത്യുത്തരം ചെയ്യുവീന്‍.’ ഇബ്രാഹിം നബി(അ)യുടെ ഈ വിളംബരത്തിനു ഏഴാം ഭൂമിയുടെ അടിയില്‍ നിന്നും ഭൂമിയുടെ നാനാഭാഗങ്ങളില്‍ നിന്നും ഉത്തരമുണ്ടായി. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന്. അന്നുമുതല്‍ ഹജ്ജിനു നിര്‍വഹിക്കുന്ന ഓരോ മനുഷ്യനും ഇബ്രാഹിം നബി(അ)യുടെ വിളിക്കുത്തരം ചെയ്തവരാണ്. അവരുടെ ഹജ്ജുകളുടെ എണ്ണം പ്രത്യുത്തരത്തിന്റെ തോത് പോലെയാണ്. ഒരാള്‍ ഒരു പ്രാവശ്യം ഹജ്ജു ചെയ്തിട്ടുണ്ടെങ്കില്‍ ഒരു പ്രാവശ്യം ഉത്തരം ചെയ്തു. രണ്ടു ഹജ്ജെങ്കില്‍ രണ്ടു പ്രാവശ്യം. മൂന്നെങ്കില്‍ മൂന്നുപ്രാവശ്യം ഉത്തരം ചെയ്തു (അഖ്ബാറു മക്ക ഇമാം അസ്റഖി, പേജ് 30, വാള്യം 1).

ഹാജിമാര്‍ ഉരുവിടുന്ന തല്‍ബിയതിന്റെ ആദ്ധ്യാത്മ പൊരുള്‍ പ്രസ്തുത ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ഇബ്രാഹിം നബി(അ)യുടെ വിളംബരം മുഖേന അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്ന വചനമാണ് തല്‍ബിയത്ത്. ഇബ്രാഹിം നബി(അ) മുതല്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച തല്‍ ബിയത്തില്‍ ജാഹിലിയ്യാ സമൂഹം ചില ഭേദഗതികള്‍ വരുത്തിയിരുന്നു. മഹാനായ തിരുനബി (സ്വ) അത് വീണ്ടും ശരിയായ വിധം പഠിപ്പിച്ചു. നബി(സ്വ)യുടെ ഉമ്മത്തില്‍ മക്കയില്‍ വെച്ച് ശരിയായ തല്‍ബിയത് പരസ്യമാംവിധം ആദ്യമായി ചൊല്ലിയത് സ്വഹാബി പ്രമുഖനായ സുമാമ ബിന്‍ ഉസാല്‍(റ) ആണെന്ന് ചരിത്രത്തില്‍ കാണുന്നു. ഇഹ്റാം ചെയ്തവരുടെ പ്രത്യക്ഷ ചിഹ്നവും ശ്രേഷ്ഠമായ മന്ത്രവുമാണത്.

ഇഹ്റാമില്‍ പ്രവേശിച്ചത് മുതല്‍ തല്‍ബിയത് സുന്നത്താണ്. ഉംറക്ക് ഇഹ്റാം ചെയ്താല്‍ ഉംറയുടെ ത്വവാഫ് ആരംഭിക്കുന്നത് വരെയും ഹജ്ജിന് ഇഹ്റാം ചെയ്തത് മുതല്‍ പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബയെ എറിയാന്‍ തുടങ്ങുന്നത് വരെയുമാണ് തല്‍ബിയതിന്റെ സമയം. ത്വവാഫിലും സഅ്യിലും പ്രത്യേകം ദിക്റുകളും ദുആകളുമുള്ളതിനാല്‍ അവയില്‍ തല്‍ബിയത് ചൊല്ലേണ്ടതില്ല.

തല്‍ബിയത്ത് ചൊല്ലിയശേഷം റസൂല്‍(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ ശക്തിപ്പെട്ട സുന്നത്താണ്. അറിയാവുന്ന ഏതു സ്വലാത്തായാലും മതിയാകുന്നതാണ്. അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ‘സ്വലാത്തു ഇബ്രാഹിമിയ്യ’യാണുത്തമം. ശേഷം സ്വര്‍ഗം ചോദിക്കുകയും നരകത്തെ തൊട്ട് രക്ഷ തേടുകയും വേണം. സംസാരം, സലാം പറയല്‍ മുതലായവ കൊണ്ട് തല്‍ബിയത്ത് മുറിക്കുന്നത് ശരിയല്ല. ആരെങ്കിലും സലാം ചൊല്ലിയാല്‍ സലാം മാത്രം മടക്കുകയും തല്‍ബിയത്ത് തുടരുകയും വേണം. ഓരോ പ്രാവശ്യവും തല്‍ബിയത്ത് മൂന്നുതവണ ചൊല്ലുന്നത് സുന്നത്താണ്.

നിര്‍ത്തം, ഇരുത്തം, നടത്തം, കിടത്തം എന്നിവയിലും വാഹനത്തിലും പള്ളിയിലുമെല്ലാം തല്‍ ബിയത്ത് ചൊല്ലല്‍ സുന്നത്തുണ്ട്. വലിയ അശുദ്ധി ഉള്ളപ്പോഴും ആര്‍ത്തവമുള്ളപ്പോഴും തല്‍ബിയത്ത് ചൊല്ലാം. പുരുഷന്മാര്‍ ശബ്ദമുയര്‍ത്തിയും സ്ത്രീകള്‍ സ്വശരീരത്ത കേള്‍പ്പിച്ചു പതുക്കെയുമാണ് ചൊല്ലേണ്ടത്. ഹജ്ജിന്റെ തല്‍ബിയത് മസ്ജിദുല്‍ ഹറാമിലും മിനായിലെ മസ്ജിദുല്‍ ഖൈഫിലും അറഫാ പരിസരത്തുള്ള മസ്ജിദു ഇബ്രാഹിമിലും വെച്ച് ശബ്ദമുയര്‍ത്തിച്ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. പെരുന്നാള്‍ ദിവസം ജംറയെ എറിയാന്‍ തുടങ്ങിയത് മുതല്‍ അയ്യാമുത്തശ്രീഖ് കഴിയുന്നത് വരെ തക്ബീര്‍ ചൊല്ലലാണ് സുന്നത്ത്.

ഇഹ്റാമില്‍ അത്ഭുതകരമായ വല്ല കാഴ്ചയോ സന്തോഷമോ വെറുപ്പോ ജനിപ്പിക്കുന്ന വല്ലതും കണ്ടാല്‍ “ലബ്ബൈക ഇന്നല്‍ അയ്ശ അയ്ശുല്‍ ആഖിറഃ” (നാഥാ, നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുന്നു. നിശ്ചയം പരലോക ജീവിതമാണ് യഥാര്‍ഥ ജീവിതം). എന്ന് കൂടി ചൊല്ലല്‍ സുന്നത്തുണ്ട്.

രാപ്പകല്‍ മാറിവരിക, ഉയരത്തിലോ ഇറക്കത്തിലോ ആവുക, സ്നേഹിതരെ കണ്ടുമുട്ടുക, ഉറക്കില്‍ നിന്നുണരുക മുതലായ സ്ഥിതി വ്യത്യാസ സന്ദര്‍ഭങ്ങളില്‍ തല്‍ബിയത് വിശേഷാല്‍ സുന്നത്താണ്. നിയ്യത്തിന്റെ കൂടെ തല്‍ബിയ്യത്ത് ചേര്‍ത്തിപ്പറയല്‍ സുന്നത്താണ.് അത് മാലിക് മദ്ഹബ് പ്രകാരം നിര്‍ബന്ധമാണ്. ശാഫിഈ, ഹമ്പലീ മദ്ഹബ് പ്രകാരം തല്‍ബിയത് ഏതു വിധേനയായാലും സുന്നത്തും ഒഴിച്ചാല്‍ പ്രായശ്ചിത്തമില്ലാത്തതുമാകുന്നു. ഇഹ്റാം ചെയ്തത് മുതല്‍ വിരമിക്കുന്നത് വരെ നിര്‍ബന്ധമായ ഒരു ദിക്റും ദുആയും ഹജ്ജിന്റെയോ ഉംറയുടെയോ അമലുകളില്‍ ഇല്ല.