ഭൂമിയിലെ പ്രഥമ ഭവനമാണ് കഅ്ബ. മലകുകളാണ് അത് നിര്‍മിച്ചത്. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ പൊളിഞ്ഞുപോയ കഅ്ബാലയത്തെ അല്ലാഹുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇബ്രാഹിം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യുമാണ് പുനര്‍നിര്‍മ്മിച്ചത്. ഒമ്പത് മുഴം ഉയരവും മുപ്പത് മുഴം നീളവും ഇരുപത്തിരണ്ട് മുഴം വീതിയുമാണ് ഇബ്രാഹിംനബി(അ)യുടെ കഅ്ബയുടെ അളവ്. പില്‍ക്കാലത്ത് പലരും കഅ്ബാലയം പുതുക്കിപ്പണിയുകയുണ്ടായി. ആകെ പത്ത് കൂട്ടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.നബി(സ്വ)ക്ക് 25 വയസ്സുള്ളപ്പോഴാണ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിതത്. അന്ന് ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ബുദ്ധിപരമായ ഒരു ഒത്തുതീര്‍പ്പിലൂടെ നബി(സ്വ) തര്‍ക്കം പരിഹരിക്കുകയുണ്ടായി. നിയോഗമനുസരിച്ച് അവിടുത്തെ കരങ്ങളാല്‍ ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ശുദ്ധമായ ധനത്തിന്റെ ദൌര്‍ലഭ്യത മൂലം ഇബ്രാഹിം നബി(അ)യുടെ അടിത്തറയില്‍ നിന്ന് അല്‍പ്പം ചുരുക്കിയാണ് ഖുറൈശികള്‍ പണികഴിപ്പിച്ചത്. എങ്കിലും ഉയരം ഒമ്പതു മുഴംകൂടി വര്‍ധിപ്പിച്ചു 18 മുഴമാക്കി. കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് ചുമരുകള്‍ക്ക് 25 മുഴം നീളമുണ്ട്. വടക്ക് 21 ഉം തെക്ക് 20 ഉം മുഴമാണ് വലിപ്പം. പിന്നീട് പുതുക്കിപ്പണിത സ്വഹാബി പ്രമുഖന്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) ഇബ്രാഹിം നബി(അ)യുടെ അടിത്തറയുടെ വലിപ്പത്തില്‍ പണിതെങ്കിലും പിന്നീട് ഹജ്ജാജ്ബിന്‍ യൂസുഫ് അത് പൊളിച്ചുമാറ്റി ഖുറൈശികള്‍ പണിതതു പോലെത്തന്നെ വീണ്ടും ചുരുക്കിപ്പണിയുകയാണുണ്ടായത്. ഉയരം 27 മുഴമായി സ്ഥിരപ്പെടുത്തുകയും ചെയ്തു. പില്‍ക്കാലത്ത് പ്രധാനപ്പെട്ട മാറ്റങ്ങളൊന്നും നടക്കാതെ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ നിര്‍മാണം ഇന്നും നിലനില്‍ക്കുന്നു.
കിഴക്കേ ഭിത്തിയില്‍ ഹജറുല്‍ അസ്വദിനടുത്തായി ഏകദേശം രണ്ടുമീറ്റര്‍ ഉയരത്തില്‍ നിന്ന് മേല്‍പ്പോട്ട് വാതില്‍ സ്ഥിതിചെയ്യുന്നു. ഖാലിദ് രാജാവിന്റെ ഭരണകാലത്ത് അതിന് സ്വര്‍ണം പൂശുകയുണ്ടായി. ദുല്‍ഹജ്ജ് മാസാരംഭത്തില്‍ കഅ്ബാലയം തുറന്ന് അകം പനിനീരും സംസം വെള്ളവുമുപയോഗിച്ച് കഴുകി വരുന്നു. കറുത്ത കമനീയമായ കില്ലകൊണ്ട് കഅ്ബാലയത്തെ പുതച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും പഴയത് മാറ്റി പുതിയ കില്ല അണിയിപ്പിക്കുന്നു. കില്ല നിര്‍മാണത്തിന് മാത്രമായി ഒരുകമ്പനി സഊദിയില്‍ പ്രവര്‍ത്തിക്കുന്നു.
പ്രധാനപ്പെട്ടപല ദൃഷ്ടാന്തങ്ങളും നിലകൊള്ളുന്നത് കഅ്ബയുടെ കിഴക്കുഭാഗത്താണ്. വാതില്‍, മുല്‍തസം, മഖാമു ഇബ്രാഹിം, സംസം കിണര്‍ ഇവയെല്ലാം ഈ ഭാഗത്തുള്ളതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കിഴക്കാണ്. കഅ്ബയുടെ തെക്കുകിഴക്ക് മൂലയിലായി ഹജറുല്‍ അസ്വദ് സ്ഥിതി ചെയ്യുന്നത് കാരണം റുകുനുല്‍ അസ്വദ് എന്ന് ഈ മൂലക്ക് പേര് പറയുന്നു. വടക്ക് കിഴക്ക് മൂലക്ക് റുകുനുല്‍ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലക്ക് റുകുനുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലക്ക് റുകുനില്‍ യമാനി എന്നും പറയപ്പെടുന്നു. റുകുനില്‍ അസ്വദ് മുതല്‍ വാതില്‍ വരെയുള്ള സ്ഥലത്തിനാണ് മുല്‍തസം എന്ന് പറയുന്നത്. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്.
സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതും നിരവധി മഹത്വങ്ങള്‍ നിറഞ്ഞതുമാണ് ഹജറുല്‍ അസ്വദ്. നബി(സ്വ) പറഞ്ഞു: ‘പാലിനെക്കാള്‍ വെളുത്ത നിറത്തിലായിരുന്നു ഹജറുല്‍ അസ്വദ് സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടത്. മനുഷ്യപാപങ്ങള്‍ അതിനെ കറുപ്പിച്ചുകളഞ്ഞു.’ (തിര്‍മുദി, ഇബ്നുഖുസൈമ) കഅ്ബയില്‍ നിന്ന് മുഖം വെച്ച് ചുംബിക്കല്‍ സുന്നത്തുള്ളത് ഹജറുല്‍ അസ്വദംമാത്രമാണ്. ഹജറുല്‍ അസ്വദിനെ ചുംബിക്കുന്നവര്‍ക്ക് അത് അല്ലാഹുവിങ്കല്‍ ശിപാര്‍ശ ചെയ്യുമെന്നും അതിനെ അപമാനിക്കുന്നവര്‍ക്ക് കേടായി അത് സാക്ഷ്യം വഹിക്കുമെന്നും ഹദീസില്‍ വന്നിരിക്കുന്നു. എന്നാല്‍ മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിച്ചുകൊണ്ട് ചുംബിക്കാന്‍ തിക്കിത്തിരക്കുന്നത് ശരിയല്ല.
“മക്കയില്‍ വ്യക്തമായ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് മഖാമു ഇബ്രാഹിം” എന്ന് ഖുര്‍ആന്‍ (3/97) പറഞ്ഞിരിക്കുന്നു. കഅ്ബ പണിയുമ്പോള്‍ കല്ലുകള്‍ ഉയരത്തില്‍ പടുക്കാന്‍ വേണ്ടി ബഹുമാനപ്പെട്ട ഇബ്രാഹിം(അ) കയറിനിന്ന ഒരു കല്ലാണിത്. അത് ആവശ്യമനുസരിച്ച് ഉയരുകയും താഴുകയും ചെയ്തിരുന്നു. ഒരനശ്വരമുദ്ര കണക്കെ ഇബ്രാഹിംനബി(അ)യുടെ ഇരുപാദങ്ങളുടെയും അടയാളം വ്യക്തമായി അതിന്മേല്‍ പതിഞ്ഞിരുന്നു.
കാലാന്തരങ്ങള്‍ക്കിടയില്‍ വന്ന ഭരണാധികാരികള്‍ ഇതിന്റെ കവചം വിവിധ രൂപത്തില്‍ വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഒരു കസേരയില്‍ ഇയ്യത്തിന്റെ തകിടില്‍ പൊതിഞ്ഞ രൂപത്തില്‍ പൌരാണിക ഭരണാധികാരികള്‍ ഇത് സൂക്ഷിച്ചു. പിന്നീട് ഹിജ്റ 241ല്‍ ഖലീഫാ മുന്‍തസ്വിര്‍ ഇയ്യത്തകിട് വെള്ളിത്തകിടാക്കിമാറ്റി. ശേഷം മഖാമിനായി പ്രത്യേക പേടകം നിര്‍മിക്കപ്പെട്ടു. ഈ പേടകം ഹി. 900ത്തില്‍ പുതുക്കിപ്പണിതു. ഉസ്മാനിയ്യാ രാജാക്കന്മാരിലെ സുല്‍ത്വാന്‍ അബ്ദുല്‍ അസീസ് അതിനു മുകളില്‍ ഒന്നരമുഴം ഉയരത്തില്‍ ഖുബ്ബ നിര്‍മിച്ചിരുന്നു. സഊദ് രാജാവ് തന്റെ ഏഴാമത്തെ ഹജ്ജിന് വന്നപ്പോള്‍ ജനങ്ങള്‍ക്ക് കാല്‍പ്പാടുകള്‍ കാണാന്‍ പറ്റുന്ന രൂപത്തില്‍ ഖുബ്ബ മാറ്റി.
പില്‍ക്കാലത്ത് സഊദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനത്തില്‍ പേടകം പൂര്‍ണമായി ഒഴിവാക്കി പകരം ചെറിയ ഒരു പേടകം നിര്‍മിക്കുകയും അത് മോഡിപിടിപ്പിക്കുകയും ചെയ്തിരിക്കുന്നു. 36 സെന്റിമീറ്റര്‍ ഉയരത്തിലുള്ള ഗ്രാനൈറ്റ് അടിത്തറയില്‍ 36 സെമി ഉയരമു ള്ള മാര്‍ബിള്‍ തറ മഖാമിന്റെ അളവില്‍ നിര്‍മിച്ച് അതില്‍ മഖാമ് ഉറപ്പിച്ച് സ്ഫടികക്കൂട്ടിലാക്കി കഅ്ബാലയത്തിന്റെ കിഴക്കുവശത്തായി സ്ഥാപിച്ചിരിക്കുന്നു. ത്വവാഫിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം ത്വവാഫു ചെയ്യുന്നവര്‍ക്ക് വിഷമം സൃഷ്ടിക്കാതെ അതിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കലാണ് സുന്നത്ത്. ‘മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നിസ് കാരസ്ഥാനമാക്കുക’ എന്ന് ഖുര്‍ആന്‍ (2/125) പറഞ്ഞിരിക്കുന്നു.
കഅ്ബാശരീഫിന്റെ ചുറ്റുമുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്ന് മേല്‍പ്പുരയില്ലാത്ത സ്ഥലത്തിന് സാധാരണയായി മത്വാഫ് (ത്വവാഫ് ചെയ്യുന്ന സ്ഥലം) എന്ന് പറഞ്ഞുവരുന്നു. അത്യുഷണ സമയത്ത് പോലും ചൂടാകാത്ത മേത്തരം മാര്‍ബിള്‍ പതിച്ചിരിക്കുന്ന ഈ സ്ഥലത്ത് കൂടി സദാ സമയവും ത്വവാഫ് നടക്കുന്നു. ജമാഅത്ത് നിസ്കാരം നടക്കുമ്പോള്‍ മാത്രമാണ് ത്വവാഫ് നിലക്കുന്നത്. ഹജ്ജ് സീസണിലും റമള്വാനിലും മത്വാഫില്‍ വമ്പിച്ച തിരക്കനുഭവപ്പെടാറുണ്ട്. അപ്പോള്‍ മസ്ജിദുല്‍ ഹറാമിന്റെ കെട്ടിടത്തിനകത്ത് കൂടിയും ത്വവാഫ് ചെയ് തുവരുന്നു.
കഅ്ബയുടെ വടക്കുഭാഗത്ത് അര്‍ധവൃത്താകൃതിയിലുള്ള ഭിത്തിയായി വളച്ചുകെട്ടിയ സ്ഥ ലമാണ് ഹിജ്റ് ഇസ്മാഈല്‍ എന്ന പേരിലറിയപ്പെടുന്നത്. ഫര്‍ള് നിസ്കാരത്തിന്റെ ജമാഅ ത്ത് സന്ദര്‍ഭങ്ങളിലൊഴികെ ഇതിനകത്തു വെച്ച് നിസ്കരിക്കാന്‍ സൌകര്യം ലഭിക്കും. ഇസ് മാഈല്‍ നബി(അ)യെയും മാതാവിനെയും അവിടെ ഒരു അറാക്കിന്റെ പന്തലിന് ചുവട്ടില്‍ താമസിപ്പിച്ചായിരുന്നു ഇബ്രാഹിം നബി(അ) പോയത്. അതിനാല്‍ ആ സ്ഥലത്തിന് ഹിജ്ര്‍ ഇസ്മാഈല്‍ എന്നുപറയുന്നു. ഹിജ്ര്‍ മുഴുവന്‍ കഅബയുടെ ഭാഗമാണോ അല്ലേ എന്നു സംശയമുണ്ട്. ഏകദേശം മൂന്ന് മീറ്റര്‍ ഭാഗം ഹിജ്റില്‍ നിന്ന് കഅ്ബയുടേതാണെന്നതില്‍ സംശയമില്ല. ഏതായാലും ത്വവാഫ് ചെയ്യുമ്പോള്‍ ഹിജ്റ് ഇസ്മാഈല്‍ എന്ന ഭിത്തിക്ക് പുറത്താവല്‍ നിര്‍ബന്ധമാണ്. ഖുറൈശികള്‍ കഅ്ബലയം പുതുക്കിപ്പണിതപ്പോള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തികനില അനുവദിക്കാത്തതിനാല്‍ ബാക്കിവെച്ച ഭാഗമാണ് ഹിജര്‍ ഇസ്മാഈലില്‍ അവശേഷിക്കുന്നത്.
കഅ്ബാശരീഫിന് മുകളില്‍ കഴുകുമ്പോഴും മഴ വര്‍ഷിക്കുമ്പോഴും വരുന്നവെള്ളത്തിന് ഒഴിഞ്ഞുപോകാനുള്ള പാത്തിയാണിത്. അതിന് ചുവട്ടിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഈ പാത്തിയുടെ മുകള്‍ഭാഗത്ത് പക്ഷികള്‍ ഇരിക്കാതിരിക്കാന്‍ ആണി ഘടിപ്പിച്ചിട്ടുണ്ട്. അമവിയ്യാ ഭരണാധികാരി വലീദുബ്നു അബ്ദുല്‍മലികിന്റെ ഭരണകാലത്താണ് പാത്തിക്ക് ആദ്യായി സ്വര്‍ ണം ചേര്‍ത്തത്. സ്വര്‍ണപ്പാത്തി എന്ന പേരില്‍ ഇതറിയപ്പെടുന്നു. ആകെ നീളം 2.53 മീറ്റര്‍ആണ്.. 23 സെ.മീ. പൊക്കവും 26 സെ.മീറ്റര്‍ വീതിയുമുണ്ട്.
ഇബ്രാഹിം(അ) പണിത സമയത്ത് കഅ്ബക്ക് ഭൂമിയോട് ചേര്‍ന്ന് രണ്ട് വാതില്‍ ഉണ്ടായിരുന്നു. കിഴക്കേ വാതിലിലൂടെ കടന്ന് പടിഞ്ഞാറെ വാതിലിലൂടെ പുറത്തിറങ്ങാവുന്ന സംവിധാനമായിരുന്നു അത്. ഖുറൈശികള്‍ അത് പണിതപ്പോള്‍ പടിഞ്ഞാറെ വാതില്‍ അടക്കുകയും കിഴക്കേ വാതില്‍ ഉയരത്തില്‍ സ്ഥാപിക്കുകയും ചെയ്തു. കഅ്ബാലയത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തട്ടിന്‍ പുറത്തേക്ക് കയറാനുള്ള പടവിനടുത്ത് ഒരു വാതിലുണ്ട്. അതിന് ബാബുത്തൌബ എന്നാണ് പറയപ്പെടുന്നത്. ഈ രണ്ട് വാതിലുകളും സ്വര്‍ണപ്പാളികള്‍ കൊണ്ട് പുതുക്കിപ്പണിയാന്‍ ഒരു വര്‍ഷം പിടിച്ചു. 10 സെ.മീറ്റര്‍ ഘനമുള്ള തേക്കിന്‍ പലകയില്‍ ആണ് സ്വര്‍ണപ്പാളികള്‍ പതിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ആലേഖനം ചെയ്തതാണ് ഈ വാതിലുകള്‍. ഇതില്‍ 280 കി.ഗ്രാം സ്വര്‍ണത്തിന്റെ അളവ് കൂടാതെ 13,420,000 റിയാല്‍ ചെലവ് വന്നതായാണ് കണക്ക്. മത്വാഫില്‍ നിന്നും 2.25 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ വാതിലിന് 3.10 മീറ്റര്‍ നീളവും 1.90 മീറ്റര്‍ വീതിയുമുണ്ട്. ബാബുത്തൌബ 2.30 മീറ്റര്‍ നീളവും 70 സെ.മീറ്റര്‍ വീതിയും ഉള്ളതാണ്. കഅ്ബയുടെ വാതിലിന്റെ പൂട്ടും താക്കോലും ചരിത്രത്തിന്റെ പാരമ്പര്യത്തിന്റെ കഥ പറയുന്നതാണ്. 40 സെ. മീറ്റര്‍ നീളമുള്ള താക്കോല്‍ കഅ്ബയുടെ വസ്ത്രം നിര്‍മ്മിക്കുന്ന ഫാക്ടറിക്കാര്‍ നിര്‍മിക്കുന്ന സ്വര്‍ണം കൊണ്ട് മോഡിപിടിപ്പിച്ച പട്ടിന്റെ ബേഗിലാണ് സൂക്ഷിച്ചുവരുന്നത്. ഇസ്മാഈല്‍ നബി(അ)യുടെ കാലം മുതല്‍ പരമ്പരാഗതമായി വരുന്ന സ്വഭാവമാണ് ഈ താക്കോല്‍ സൂക്ഷിപ്പിന്റേത്. ഹിജ്റ 1399ല്‍ നിര്‍മിക്കപ്പെട്ട പൂട്ടാണിപ്പോള്‍ (34 സെ.മീറ്റര്‍) ഉപയോഗിച്ചുവരുന്നത്. കഅ്ബയുടെ വസ്ത്രം എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് ഒമ്പതിന് പുതുക്കുന്നുണ്ട്. ഈ വസ് ത്രം വളരെ വിലയേറിയസാധനങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നതാണ്. പൌരാണിക കാലം മുത ല്‍ ഈജിപ്തില്‍ നിന്നും യമനില്‍ നിന്നും നിര്‍മിക്കാറുള്ള ഈ പുടവ വലിയ ആഘോഷ പ്രതീതിയോടെയാണ് മക്കയിലെത്താറുള്ളത്. അത് നിര്‍മിക്കാന്‍ മാത്രം ഈജിപ്തില്‍ ഫാ ക്ടറിയുണ്ട്. ഹിജ്റ 1343 വരെ ഈജിപ്തുകാരുടേത് തന്നെയായിരുന്നു ധരിപ്പിച്ചിരുന്നത്. 1346ല്‍ മക്കയില്‍ തന്നെ അതിനായി നിര്‍മാണകേന്ദ്രമുണ്ടാക്കി. 1355 മുതല്‍ 1381 വരെ സഊദിയും ഈജിപ്തും ഉണ്ടാക്കിയ കരാര്‍ പ്രകാരം വീണ്ടും ഈജ്പിതുകാര്‍ തന്നെ ഈ കര്‍മ്മം ഏറ്റെടുത്തു. 1382ല്‍ വീണ്ടും സഊദി സര്‍ക്കാര്‍ വസ്ത്രനിര്‍മാണം ആരംഭിച്ചു.
മസ്ജിദുല്‍ ഹറാമില്‍ കടന്ന് മുന്നോട്ടുനീങ്ങിയാല്‍ കഅ്ബാ ശരീഫ് ദൃഷ്ടിയില്‍ പെടുകയായി. ഈമാനിക വ്യക്തിത്വമുള്ള മനസ്സുകള്‍ക്ക് അത് വല്ലാത്ത ഒരു അനുഭൂതിയാണ്. ആദ്യമായി കഅ്ബാ ശരീഫ് കണ്‍മുമ്പില്‍ കാണുമ്പോള്‍ സ്വയമറിയാതെ കണ്ണീര്‍ പൊഴിച്ചുപോകുന്നതാണ്. അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിനു മുമ്പില്‍ യാതൊരു തടസ്സവുമില്ലാതെ വന്നെത്തിയിരിക്കുന്നു എന്ന ബോധം തെളിയുമ്പോള്‍ എന്തെന്നില്ലാത്ത ആത്മീയനിര്‍വൃതി അനുഭവപ്പെടുന്നതാണ്.
ഇമാം നവവി(റ) ഒരു സംഭവം ഉദ്ധരിക്കുന്നു: “ഭക്തയായ ഒരു സ്ത്രീ മക്കയില്‍ പ്രവേശിച്ചു. എന്റെ റബ്ബിന്റെ ഭവനമെവിടെ, ഭവനമെവിടെ എന്നന്വേഷിച്ചുകൊണ്ട് അവര്‍ മുന്നോട്ടു നീങ്ങി. നിങ്ങളുടെ റബ്ബിന്റെ ഭവനമിതാ, എന്ന മറുപടിയോടെ ഒരാള്‍ കഅ്ബാലയം കാണിച്ചുകൊടുത്തു. അവരുടെ ദൃഷ്ടിയില്‍ കഅ്ബാ ശരീഫ് ദൃശ്യമായതോടെ ഓടിച്ചെന്ന് കഅ്ബാലയത്തോടണച്ചു പിടിച്ച് അവര്‍ പൊട്ടിക്കരഞ്ഞു. വികാരവിവശയായ അവര്‍ ബോധരഹിതയായി നിലത്തുവീണു. അതോടെ അവര്‍ മരിച്ചു കഴിഞ്ഞിരുന്നു’ (ഈളാഹ്, പുറം 222). വികാരവിജ്രംഭിതമായ ഒരു രംഗമാണ് കഅ്ബാദര്‍ശനം. കഅ്ബാ ദര്‍ശനസമയത്തുള്ള പ്രാ ര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഹദീസിലുണ്ട്.