ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്കാശരീഫ്. മനുഷ്യാരംഭം മുതല്‍ ജനവാസമാരംഭിക്കുകയും ബി.സി. നാലായിരാമാണ്ടില്‍ ഇബ്രാഹിം നബി(അ)യു ടെ പ്രബോധന കേന്ദ്രമായിത്തീരുകയും ചെയ്ത മക്കാപട്ടണം വിവിധപ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും താവളമായിവര്‍ത്തിച്ചിട്ടുണ്ട്. അശ്റഫുല്‍ ഖല്‍ഖ് മുഹമ്മദ് നബി(സ്വ)യുടെ ജന്മം മുതല്‍ വീണ്ടും പ്രശസ്തി വര്‍ധിച്ച ഈ മലനാട് ഭൂമിയുടെ മാതാവാകാന്‍ എന്തുകൊണ്ടും അര്‍ഹത പിടിച്ചുപറ്റിയ കേന്ദ്രമാണ്.
ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ, ദുഃഖകരമെന്ന് പറയട്ടെ, സുപ്രധാനമായ പലതും സംരക്ഷിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചുപോയിരിക്കുന്നു. പല ചരിത്രസ്മാരകങ്ങളും ഇന്ന് നിലവിലില്ല. ഉള്ളവക്കുതന്നെ വേണ്ടത്ര പരിഗണന യും ലഭിക്കുന്നില്ല. ഈയിടെയായി സഊദി ഗവണ്‍മെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്ക മദീനാ പട്ടണങ്ങളിലെ ചരിത്രപ്രധാന സ്ഥാനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. പല ചരിത്രസ്ഥാനങ്ങളും സര്‍വ്വെ നടത്തി പരിരക്ഷിക്കുകയും അടയാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാന്‍ ഈ സമിതി മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണ്.
മക്കാ തീര്‍ത്ഥാടകര്‍ക്ക് ചരിത്രഭൂമിയായ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ നല്ലതാണ്. അവയില്‍ പ്രധാനമായവ പരിചയപ്പെടുത്തുന്നു.
(1) അലി(റ) പ്രസവിക്കപ്പെട്ട സ്ഥലം: നബി(സ്വ) ജനിച്ച സ്ഥലത്തുകൂടെകുറച്ച് ഉള്ളോട്ടുചെന്നാല്‍ ശുഅബ് അലി എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടുന്നു. നബി(സ്വ) വളര്‍ന്നത് ഇവിടെയായിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു മദ്റസ പ്രവര്‍ത്തിക്കുന്നു.
(2) ഹംസ(റ) പ്രസവിക്കപ്പെട്ട സ്ഥലം: മിസ്ഫലയിലുള്ള പ്രശസ്തമായ മസ്ജിദു ഹംസ എന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലമാണിത്.
(3) അബൂബക്ര്‍സ്വിദ്ദീഖ്(റ)ന്റെ വീട്: മിസ്ഫലയിലെ സൂഖുല്‍ ബുഖാരിയ്യയുടെ പടിഞ്ഞാറു വശത്തുള്ള മസ്ജിദു അബൂബക്ര്‍ എന്ന പള്ളിയുടെ സ്ഥാനത്താണിത്. നബി(സ്വ) രാവിലെയും വൈകുന്നേരവും സ്വിദ്ദീഖി(റ)ന്റെ വീട്ടിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. റസൂല്‍(സ്വ) ഹിജ്റ പോയ അവസരത്തില്‍ ഖദീജ(റ)യുടെ വീട്ടില്‍ നിന്ന് പുറപ്പെട്ട് അബൂബക്ര്‍(റ)വിന്റെ ഈ വീട്ടില്‍വന്നു. അവിടെനിന്ന് രണ്ടുപേരും കൂടി പുറപ്പെടുകയായിരുന്നു. അബൂബക്ര്‍സ്വിദ്ദീഖി(റ)ന് ഖദീജബീവി(റ)യുടെ വീടിന്റെ മുമ്പിലായി ഒരു വീടും കൂടി ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍നിന്ന് മനസ്സിലാകുന്നു.
(4) ദാറുല്‍ അര്‍ഖം: ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തില്‍ റസൂല്‍(സ്വ) ഒളിതാവളമായി സ്വീ കരിച്ച ഭവനമാണിത്. ഹംസ(റ), ഉമര്‍(റ) മുതലായ പല പ്രമുഖന്മാരും ഇവിടെവെച്ചാണ് ഇസ്ലാം സ്വീ കരിച്ചത്. സ്വഫായുടെ കിഴക്കു വശത്താണ് ഇതിന്റെ സ്ഥാനം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാ റുല്‍ അര്‍ഖം എന്ന് പേരെഴുതിയ ഒരു കെട്ടിടവും അതില്‍ അടച്ചിടപ്പെട്ട ഒരു മുറിയും ഉണ്ടായിരുന്നു. ഇന്ന് പ്രസ്തുത സ്ഥലത്തിന് പല മാറ്റങ്ങളും സംഭവിച്ചുപോയിരിക്കുന്നു.
(5) മസ്ജിദുല്‍ ജസ്സാറ: മര്‍വയുടെ കിഴക്ക് വശമുള്ള റോഡിലൂടെ ചെന്നെത്തുന്ന മുദ്ദആ റോഡില്‍ മുഅല്ലയിലേക്ക് പോകുമ്പോള്‍ ജൌദരിയ്യയുടെ തുടക്കമായ മൂന്നും കൂടിയ സ്ഥലത്തിനടുത്ത് സ്ഥിതിചെയ്യുന്ന പള്ളിയാണിത്. ഇത് ഇക്കാലത്ത് ഒരു നിസ്കാരപ്പള്ളിയായി ഉപയോഗിച്ചുവരുന്നു. റസൂല്‍(സ്വ) ഇവിടെ വെച്ച് ഒരിക്കല്‍ മഗ്രിബ് നിസ്കാരം നിര്‍വഹിച്ചിട്ടുണ്ട്.
(6) മസ്ജിദുല്‍ റായ: ജൌദരീ ടൌണിന്റെ നടുവില്‍ ജഫ്ഫാലിയുടെ ബജാറിലേക്ക് കടക്കുന്ന ഒരു ചെറിയ വഴിയുടെ ഇടതുഭാഗത്തുള്ള പള്ളിയാണിത്. ഈ സ്ഥാനം റസൂല്‍(സ്വ) മക്കാ ഫത്വ് വേളയില്‍ മുഅല്ലായില്‍കൂടി കടന്ന് വന്ന് പതാക നാട്ടിയതും നിസ്കരിച്ചിട്ടുള്ളതുമായ സ്ഥലമാകുന്നു. ഈ പള്ളിയുടെ മൂന്നുവശവും റോഡുകളുണ്ട്. പള്ളി ഇപ്പോള്‍ പുതുക്കിപ്പണിത് വലുതാക്കിയിരിക്കുന്നു.
(7) മസ്ജിദുല്‍ ജിന്ന്: മക്കക്കാരുടെ ഖബര്‍സ്ഥാനമായ മുഅല്ലയുടെ വടക്കെ അതിര്‍ത്തിയില്‍ സര്‍വ്വര്‍ക്കും കാണാവുന്ന പള്ളിയാണിത്. മഹാനായ റസൂല്‍(സ്വ)യില്‍നിന്ന് ജിന്നുകള്‍ ഖുര്‍ആന്‍ ശ്രവിക്കുകയും നബി(സ്വ)യുമായി ബൈഅത്ത് ചെയ്യുകയും ഉണ്ടായത് ഈ സ്ഥലത്തുവെച്ചായിരുന്നു. പള്ളി പുതുക്കിപ്പണിത് വളരെ ഭംഗിയാക്കിയിരിക്കുന്നു.
(8) മസ്ജിദുല്‍ മുബായഅ: മുഅല്ലായില്‍ നിന്നും വടക്കോട്ട് മിനയിലേക്ക് പോകുന്ന വഴിയുടെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയാണിത്. മക്കാ ഫത്ഹ് വേളയില്‍ നബി(സ്വ) ജനങ്ങളുമായി ഇവിടെവെച്ച് ബൈഅത്ത് ചെയ്തിരുന്നതായി ചരിത്രമുണ്ട്.
(9) മസ്ജിദുല്‍ ഇജാബ: നബി(സ്വ) ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മിനയില്‍ നിന്ന് മടങ്ങിയപ്പോള്‍ മക്കയില്‍ പ്രവേശിക്കും മുമ്പ് വിശ്രമിക്കാന്‍ താവളമടിച്ച അല്‍ മുഹസ്സബ് എന്ന് പറയുന്ന സ്ഥലത്താണ് ഈ പള്ളി നിലകൊള്ളുന്നത്.
മക്കയില്‍നിന്ന് മആബ്ദ വഴി മിനയിലേക്ക് പോകുമ്പോള്‍ ഇടതുഭാഗത്തും രാജകൊട്ടാരത്തിന്റെ വടക്കുഭാഗത്തുമായി ജബല്‍ സറൂദ് എന്ന ചെറിയ മലയുണ്ട്. അതിന്റെ വടക്കുവശമുള്ള റോഡില്‍കൂടി മക്കത്തേക്ക് വരുന്നവര്‍ വലതുഭാഗത്ത് കാണുന്ന പള്ളിയാണിത്. പണ്ടുകാലത്ത് പലഹാജിമാരും നബി(സ്വ) താവളമടിച്ചത് പോലെ ഇവിടെ ഇറങ്ങി താമസിച്ച ശേഷമായിരുന്നു മക്കയിലേക്ക് പ്രവേശിച്ചിരുന്നത്.
(10) മസ്ജിദുല്‍ ഖൈഫ്: മിനയിലെ ജംറകളുടെ അടുത്തുള്ള വളരെ മഹത്വങ്ങള്‍ നിറഞ്ഞ പള്ളിയാണിത്. മഹാനായ അബൂഹുറയ്റ(റ) ഇപ്രകാരം പറയുകയുണ്ടായി. ‘ഞാന്‍ മക്കാനി വാസി ആയിരുന്നെങ്കില്‍ എല്ലാ ശനിയാഴ്ചയും മസ്ജിദുല്‍ ഖൈഫില്‍ പോയി നിസ്കരിക്കുമായിരുന്നു.’
(11) മസ്ജിദുല്‍ ബൈഅഃ: നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോകും മുമ്പ് മദീനക്കാരായ അന്‍ സ്വാറുകളുമായി ഉടമ്പടി ചെയ്ത സ്ഥലത്തുള്ള പള്ളിയാണിത്. ഇത് മക്കയില്‍ നിന്ന് മിനായിലേക്ക് കടക്കുന്ന സ്ഥലത്തിനടുത്ത് ജംറതുല്‍ അഖബയുടെ പടിഞ്ഞാറുവശത്തുള്ള രണ്ട് മലകളുടെ ഇടയിലായി സ്ഥിതിചെയ്യുന്നു. മിനായിലേക്ക് പ്രവേശിക്കുമ്പോള്‍ ഇടതുവശത്തായി പ്രത്യേക വഴികളില്ലാതെ ഈ പള്ളി കാണാം.
(12) മസ്ജിദുന്നഹ്ര്‍: മിനയില്‍ ജംറതുല്‍ വുസ്ത്വയുടെയും ജംറതുല്‍ ഊലയുടെയും ഇടക്കാ യി അറഫയിലേക്ക് പോകുന്നവന്റെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയാണ്. ഈ പള്ളി നില്‍ക്കുന്ന സ്ഥാനത്ത്വെച്ച് റസൂല്‍ (സ്വ) ളുഹാ നിസ്കരിക്കുകയും ഹദ്യ് അറുത്തുകൊടുക്കുകുയം ചെയ്തതായി രേഖകളുണ്ട്.
(13) മസ്ജിദുല്‍ കബ്ശ:് ഇബ്രാഹിം നബി(അ), പുത്രന്‍ ഇസ്മാഈലി(അ)നെ അറുക്കാന്‍ ഒരുങ്ങിയ സ്ഥാനത്തുള്ള പള്ളിയാണിത്. മിനയിലെ ജബലുസബീറ് എന്ന മലയുടെ ചെരുവിലാണിത്. മിനയുടെ വടക്കുഭാഗം അറഫയിലേക്ക് പോകുമ്പോള്‍ ഇടതുവശം കാണുന്ന വലിയ മലയാണ് ജബലു സബീറ്. ഈ പള്ളി ഇപ്പോള്‍ ദൃശ്യമല്ല. പുനരുദ്ധരിക്കപ്പെടാത്ത കാരണത്താല്‍ പൊളിഞ്ഞുപോയിരിക്കാം.
മേല്‍ പറയപ്പെട്ട മിക്ക ചരിത്രസ്മാരകങ്ങളും ഇക്കാലത്തും അറിയപ്പെടുന്നവയാണ്. മക്കാ നിവാസികളില്‍ ചരിത്രജ്ഞാനമുള്ളവരുമായി ചോദിച്ചറിഞ്ഞ് ഇവയെല്ലാം കണ്ടെത്തി സന്ദ ര്‍ശിക്കുന്നത് പുണ്യവര്‍ധനവിന് കാരണമാകും. പല ചരിത്രസ്മാരകങ്ങളും പുണ്യസ്ഥലങ്ങ ളും കാലഘട്ടിന്റെ ഒഴുക്കുകളില്‍ അപ്രത്യക്ഷമായി പോയിരിക്കുന്നു. ഇപ്പോഴുള്ളതെങ്കിലും പരിരക്ഷിക്കപ്പെടണമെന്ന് ചരിത്ര കുതുകികളും പുണ്യം തേടുന്നവരും ആഗ്രഹിക്കുന്നു.