അറഫയില്‍ നില്‍ക്കുന്നതിന്റെ മര്യാദകള്‍

(1) അറഫയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുക.

(2) ളുഹ്ര്‍ നിസ്കരിക്കുന്നതിന് മുമ്പ് അറഫയില്‍ പ്രവേശിക്കാതിരിക്കുക. മുത്വവ്വിഫിന്റെ വാഹനത്തില്‍ ഉച്ചക്ക് മുമ്പ് അറഫയി ലെത്തിക്കുകയാണ് ഇപ്പോള്‍ പതിവ്. യാത്രക്കാരില്‍ നിന്ന് കൂട്ടം വിട്ടുപോകുന്നത് തടയാനും ത മ്പില്‍ എത്തിപ്പെടാന്‍ സൌകര്യത്തിനുമാണ് ഇപ്രകാരം ചെയ്യുന്നത്.

(3) ജംഅ് അനുവദനീയമായവര്‍ ളുഹ്റോടൊപ്പം അസ്വ്ര്‍ മുന്തിച്ചു ജംആക്കുക.

(4) നിസ്കാരം കഴിഞ്ഞയുടനെ പ്രവേശിക്കുകുയം സൂര്യാസ്തമയം വരെ പരിപൂര്‍ണമായി അറഫയില്‍ താമസിക്കുകയും ചെയ്യുക. സൂര്യന്‍ അസ്തമിക്കും മുമ്പ് അറഫ വിടുന്നവര്‍ ഒരു ആടിനെ അറുക്കല്‍ സുന്നത്താണ്.

(5) നബി(സ്വ നിന്ന സ്ഥലം മനസ്സിലാക്കി അവിടെ നില്‍ക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. ജബലുറഹ്മയുടെ തെക്കുഭാഗത്ത് മലയിലേക്ക് കയറാന്‍ ഉണ്ടാക്കിയ പടവുകളിലേക്ക് തിരിഞ്ഞു നില്‍ക്കുമ്പോള്‍ വലുഭാഗത്തായി മസ്ജിദുസ്സഖ്റ എന്ന പേരില്‍ ഒരു പള്ളിയുണ്ടായിരുന്നു. ആ പള്ളിയുടെ സ്ഥലത്തുള്ള പാറക്കല്ലുകളാണ് നബി(സ്വ) നിന്ന സ്ഥലം എന്ന് അഖ്ബാറു മക്ക, ശറഹുല്‍ ഈളാഹ് മുതലായ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ജബലുറഹ്മയുടെ മുകളിലേക്ക് കയറുന്നതില്‍ പ്രത്യേക പ്രാധാന്യമൊന്നുമില്ല. സ്ത്രീകള്‍ തിരക്കില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് നില്‍ക്കലാണുത്തമം.
അറഫയിലെ ഏറ്റവും പുണ്യമായ ദിക്റുകളും ദുആകളുമെല്ലാം ഉപേക്ഷിച്ച് ജബലുറഹ്മ തിരഞ്ഞുനടക്കുന്ന പതിവുണ്ട് ചിലര്‍ക്ക്. സമയനഷ്ടത്തിനുപുറമെ ജബലുറഹ്മ കാണാതെ നിരാശരായി മടങ്ങലാണ് പലരുടെയും അനുഭവം. അറഫയില്‍ എത്തിയ സ്ഥലത്ത് നിന്ന് ദിക്റിലും ദുആയിലും മുഴുകുന്നതാണ് ഇന്ന് ഏറ്റവുംഫലപ്രദം.

(6) ഔറത്ത് മറക്കുക.

(7) ശുദ്ധിയോട് കൂടിയാവുക.

(8) ഖിബ്ലക്ക് അഭിമുഖമായിരിക്കുക.

.(9) നോമ്പ് ഇല്ലാതിരിക്കുക.

(10) വെയിലേല്‍ക്കുന്ന വിധത്തില്‍ നില്‍ക്കുക. കാരണമില്ലാതെ വൃക്ഷങ്ങളുടെയോ മറ്റോ നിഴലില്‍ നില്‍ക്കരുത്. സൂര്യതാപമേറ്റ് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനായി അറഫയിലുടനീളം ഇപ്പോള്‍ നിരവധി മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മസ്ജിദു ഇബ്രാഹിമിന്റെ പരിസരഭാഗങ്ങളിലായി തണുത്ത വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും ഇപ്പോഴുണ്ട്. ഉഷ്ണം സഹിച്ചു ശീലമില്ലാത്തവര്‍ക്ക് ഇതെല്ലാം സഹായകമാണ്.

(11) ഇഹലോകകാര്യങ്ങളില്‍നിന്നെല്ലാം പൂര്‍ണമായി ഒഴിവായി ഹൃദയസാന്നിധ്യത്തോടെ അല്ലാഹുവിലേക്ക് മനസ്സും ശരീരവും തുറന്നുവെക്കുക. ലക്ഷക്കണക്കിനു സത്യവിശ്വാസികള്‍ സമ്മേളിക്കുന്ന അതുല്യമായ ഈ മഹാസദസ്സ് അല്ലാഹുവിന്റെ അഭിനന്ദനങ്ങള്‍ക്ക് കാരണമായിത്തീരുന്ന അത്യപൂര്‍വ്വ വേദിയാണ്.

(12) ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഖുര്‍ആന്‍ പാരായണം മുതലായവയില്‍ മുഴുകുക. അനാവശ്യ സംസാരങ്ങള്‍ ഉപേക്ഷിക്കു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക. ആരെയും ശല്യം ചെയ്യാതിരിക്കുക.

അറഫയിലെ ജബലുറഹ്മ എന്ന മല ദൃഷ്ടിയില്‍ പെടുമ്പോള്‍ അല്ലാഹുമ്മഗ്ഫിര്‍ലീ ദന്‍ബീ ….. എന്ന പ്രാര്‍ഥന (‘ദിക്ര്‍ ദുആകള്‍’) ചൊല്ലണം.
ജബലുറഹ്മയുടെ അടുത്തെത്തിയാല്‍ അല്ലാഹുമ്മ ഇലൈക തവജ്ജഹ്തു എന്ന പ്രാര്‍ഥനയും ചൊല്ലണം.

അറഫയിലെ പ്രാര്‍ഥന

അല്ലാഹുതആല അവന്റെ അടിമകളുടെ പ്രാര്‍ഥന സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയ അറഫാവേളയില്‍ മനംനൊന്ത് വിനീതമായി കരളുരുകി പ്രാര്‍ഥിക്കേണ്ടതാണ്. അറിയാവുന്ന ദിക്റുകളും ദുആകളും എല്ലാം ചൊല്ലുക. മാതൃഭാഷയിലും പ്രാര്‍ഥിക്കാവുന്നതാണ്. കൂട്ടത്തില്‍ നിന്ന് വിട്ടുമാറി തുറസ്സായ സ്ഥലത്ത് ഒറ്റക്കു നിന്നും കൂട്ടമായും പ്രാര്‍ഥിക്കണം. ഹദീസില്‍ വന്നതും മഹാന്മാര്‍ പതിവാക്കിയതുമായ ചില പ്രധാനപ്പെട്ട ദിക്റ് ദുആകള്‍ താഴെ കൊടുക്കുന്നു.

ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ…. എന്ന ദിക്റ് 100 പ്രാവശ്യം. 1000 തവണ ചൊല്ലുന്നത് വളരെ ശ്രേഷ്ഠമാണ്. ലാ ഹൌല വലാ ഖുവ്വത ഇല്ലാബില്ലാഹില്‍…100 പ്രാവശ്യം. ആയതുല്‍ കുര്‍സിയ്യ് (അല്‍ബഖറ 255ാം ആയത്ത്്) 100 പ്രാവശ്യം. ഇഖ്ലാസ്വ് സൂറ 100 പ്രാവശ്യം. ആമനര്‍റസൂലു (അല്‍ബഖറ 285, 286) ഒരു പ്രാവശ്യം. അല്‍ ഹശ്ര്‍ സൂറ ഒരു പ്രവാശ്യം. അല്ലാഹുമ്മ സ്വല്ലി എലാ മുഹമ്മദിന്‍….. കമാ സ്വല്ലൈത എലാ ഇബ്റാഹീമ….. എന്ന സ്വലാത് 100 പ്രാവശ്യവും ചൊല്ലുക.

“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹ്” എന്ന് കഴിയുന്നത്ര വര്‍ധിപ്പിക്കുക. മഹാനായ നബി(സ്വ) അറഫയില്‍ പ്രാര്‍ഥിച്ച ദുആ വര്‍ധിപ്പിക്കുക. പ്രാര്‍ഥനകളും ദിക്റുകളും (‘ദിക്ര്‍ ദുആകള്‍’) എന്ന ഭാഗത്ത് പൂര്‍ണമായി ചേര്‍ത്തിട്ടുണ്ട്.

അറഫയിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ്. വളരെ കരുതലോടെ അത് ചെലവഴിക്കാന്‍ ശ്രമിക്കണം. സൂര്യാസ്തമാനം വരെ ഭക്തി ധന്യമായി പ്രാര്‍ത്ഥനയിലും ദിക്റിലും കഴിഞ്ഞുകൂടുക. തല്‍ബിയത്തും സ്വലാത്തും ശബ്ദമുയര്‍ത്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കണം. പ്രാര്‍ത്ഥന ശബ്ദമുയര്‍ത്താതെ താഴ്മയോടെ മനസ്സറിഞ്ഞു പതുക്കെയായിരിക്കണം. ശണ്ഠ കൂടുകയോ അനാവശ്യ സംസാരങ്ങളില്‍ ഇടപഴകുകയോ ചെയ്യരുത്. ഹലാലായ സംസാരങ്ങള്‍ക്കുപോലും സമയം നഷ്ടപ്പെടുത്തരുത്. അറഫാ വിടുന്നത് വരെ ദിക്റ്, ദുആ, സ്വലാത്ത്, തല്‍ബിയത്ത് എന്നിവയല്ലാത്ത മറ്റൊന്നും നാവില്‍നിന്നുണ്ടാകാതിരിക്കാന്‍ ഉത്സാഹിക്കണം.

വെള്ളിയാഴ്ച അറഫാദിനം വന്നാല്‍ എഴുപത് ഹജ്ജിന്റെ പ്രതിഫലം ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അറഫയില്‍ സ്ഥിരതാമസക്കാരില്ലാത്തതിനാല്‍ അവിടെ ജുമുഅയില്ല. എല്ലാവരും ളുഹ്ര്‍ നിസ്കരിക്കുകയാണ് വേണ്ടത്. അറഫായിലെ ഏറ്റവും നല്ല മുഹൂര്‍ത്തം പകലിലെ അവസാനഭാഗവും രാത്രിയുടെ തുടക്കസമയവുമാണ്. ആ സമയത്ത് കൂടുതല്‍ ആവേശത്തോടെ ദുആ ചെയ്യണം. അതിനുപകരം ചിലയാളുകള്‍ പ്രസ്തുത സമയമാകുമ്പോഴേക്കും ദുആയും ദിക്റും പൂര്‍ത്തിയാക്കിയ മട്ടില്‍ വെറുതെസമയം കളയന്നത് വമ്പിച്ചനഷ്ടമാണ്. ചിലര്‍ മടങ്ങിപ്പോകേണ്ട ധൃതിയില്‍ സന്ധ്യക്ക് എത്രയോ മുമ്പുതന്നെ വാഹനങ്ങളില്‍ കയറി സീറ്റുറപ്പിക്കാറുണ്ട്. ഇത് ശരിയല്ല. ഏറ്റവും ഉത്തമ സമയം നഷ്ടപ്പെടുത്തരുത്.

അറഫയില്‍ നിന്ന് മടക്കം

സൂര്യാസ്തമാനം ഉറപ്പായാല്‍ അറഫയില്‍ നിന്ന് പുറപ്പെടാന്‍ സമയമായി. എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട് വിജയശ്രീലാളിതനായി ഇനി മുസ്ദലിഫയിലേക്ക് പുറപ്പെടുകയാണ്.

ജംഅ് അനുവദനീയമായവര്‍ മഗ്രിബ് അറഫയില്‍ നിന്ന് നിസ്കരിക്കാതെ ഇശാഇലേക്ക് പിന്തിച്ച് ജംആക്കി മുസ്ദലിഫയിലെത്തിയ ശേഷം നിസ്കരിക്കലാണുത്തമം. അല്ലാത്തവര്‍ അറഫയില്‍ വെച്ച് മഗ്രിബ് നിസ്കരിച്ച് പുറപ്പെടണം.

വാഹനഗതാഗതം നിയന്ത്രണവിധേയമാകണമെങ്കില്‍ രാത്രി പത്തുമണിയെങ്കിലുംകഴിയണം. മുസ്ദലിഫയില്‍ വെച്ച് ഇശാഅ് നിസ്കാരംസൌകര്യപ്പെടുകയില്ലെന്നു കാണുന്നവര്‍ അതുംകൂടി അറഫയില്‍ വെച്ചു നിസ്കരിക്കലാണ് സൌകര്യം. അറഫയില്‍നിന്ന് പിരിഞ്ഞിറങ്ങുമ്പോള്‍ കൂടുതലായി തല്‍ബിയത്തും ദിക്റും വര്‍ധിപ്പിക്കണം. പ്രസ്തുത യാത്ര ഒരു മഹാപ്രവാഹമായിരിക്കും. അമലുകള്‍ പൂര്‍ത്തിയാക്കിയ യാരിതാര്‍ഥ്യത്തോടെ സംസ്കൃതസായൂജ്യരായി ‘അറഫ വിടുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനു കൂടുതലായി ദിക്റ് ചൊല്ലണമെന്ന് വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അറഫയില്‍നിന്നുള്ള ഇഫാളത് എന്നാണ് ഈ തിരിച്ചുയാത്രക്ക് പേര്. അറഫയി ല്‍ നിന്ന് പുറപ്പെടുന്ന അവസരത്തില്‍ നടന്നുകൊണ്ടോ വാഹനത്തില്‍ വെച്ചോ താഴെ അല്ലാഹുമ്മ ഇലൈക അഫ്ള്തു…. എന്ന പ്രാര്‍ഥന (‘ദിക്ര്‍ ദുആകള്‍’) ചൊല്ലേണ്ടതാണ്.

അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് വളരെ കുറച്ച് ദൂരമേയുള്ളൂ. കൂടെ ദുര്‍ബലരും സ്ത്രീകളുമില്ലെങ്കില്‍ ആരോഗ്യമുള്ളവര്‍ക്ക് നടക്കുകയാണ് സൌകര്യം. ട്രാഫിക്ക് കുരുക്ക് മൂലം പലപ്പോഴും വാഹനം മുസ്ദലിഫയിലെത്താന്‍ അര്‍ധരാത്രി കഴിഞ്ഞുപോകാറുണ്ട്. സ്വുബ്ഹിക്ക് മുമ്പ് മുസ്ദലിഫയില്‍ അല്‍പ്പസമയമുണ്ടാകല്‍ നിര്‍ബന്ധമാണല്ലോ. നടക്കാന്‍ സാധിക്കാത്തവര്‍ തിരക്കു കഴിയും വരെ കാത്തിരുന്ന് വാഹനം വഴി മുസ്ദലിഫയിലേക്ക് പുറപ്പെടുകയേ നിര്‍വാഹമുള്ളൂ.