സ്ത്രീകള്‍ക്ക് പ്രത്യേകമായവ

   പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരുതവണ ഹജ്ജും ഉംറയും നിര്‍വഹിക്കല്‍ നിര്‍ബന്ധവും ആവര്‍ത്തിക്കല്‍ സുന്നത്തുമാണ്. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യല്‍ പുരുഷന്മാര്‍ക്ക് സുന്നത്തുള്ളത് പോലെ സ്ത്രീകള്‍ക്ക് ബലപ്പെട്ടതല്ല.

സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍, യാത്രക്കാവശ്യമായ ധനവും ആരോഗ്യവും ഉ ള്ളതോടൊപ്പം ഭര്‍ത്താവോ വിവാഹബന്ധം പാടില്ലാത്ത പുരുഷനോ യോഗ്യരായ സ്ത്രീകളോ കൂടെയുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് ഹജ്ജിന് പുറപ്പെടല്‍ നിര്‍ബന്ധമാവുകയുള്ളൂ. യോഗ്യരായ സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കില്‍ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായ പു രുഷനോ ഇല്ലാതെ തന്നെ അവരൊന്നിച്ച് പോകാവുന്നതാണ്. പ്രസ്തുത യോഗ്യതകള്‍ ഒത്തുചേര്‍ന്നാല്‍ നിര്‍ബന്ധമായ ഹജ്ജിന് ഭര്‍ത്താവ് തടസ്സം പറഞ്ഞാലും പോകാം.

ഹജ്ജിനെത്തുന്ന സ്ത്രീകള്‍ വളരെയധികം മര്യാദകളും അച്ചടക്കവും പുലര്‍ത്തേണ്ടതാണ്. ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മുഖ്യകര്‍മ്മം ആയതിനാല്‍ സ്ത്രീകള്‍ക്ക് ഹജ്ജ് യാത്രയും അനിവാര്യമായ കാര്യങ്ങളും ശറഅ് അനുവദിച്ചതാണ്. അത് ദുരുപയോഗപ്പെടുത്താതെ പരിപൂര്‍ണ പര്‍ദ്ദയും അച്ചടക്കവും ശാന്തതയും സ്ത്രീകള്‍ എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കണം. ചില സ്ത്രീ കള്‍ മര്യാദയില്ലാതെ പുറത്തിറങ്ങുന്നതും അച്ചടക്കരഹിതമായി പെരുമാറുന്നതും ഇക്കാലത്ത് കണ്ടു തുടങ്ങിയിരിക്കുന്നു. സഊദി അറേബ്യയിലെ പണ്ഢിതന്മാരും ഭരണകൂടവും ഇക്കാര്യത്തില്‍ സ്ത്രീകളോട് കര്‍ശനമായി ഉപദേശിക്കാറുണ്ട്. അവരുടെ ഇബാദത്തുകള്‍ വളരെ ഒതുക്കത്തോടെയും പുരുഷന്മാരില്‍ നിന്ന് മറഞ്ഞിരുന്നും ആയിരിക്കാന്‍ അവിടെ നടക്കുന്ന പ്രസംഗങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളിലും അടിക്കടി ഉണര്‍ത്താറുള്ളതാണ്.

ശരീരത്തിന്റെ പ്രധാന സൌന്ദര്യഭാഗങ്ങള്‍ പോലും വേണ്ട പോലെ മറക്കാതെ ചില സ്ത്രീകള്‍ ഹറമിലൂടെ വിഹരിക്കുന്നത് പുരുഷന്മാര്‍ക്ക് ഭക്തി നഷ്ടപ്പെടുത്താനും ദുര്‍വിചാരമുണ്ടാക്കാനും ഇടവരുത്തുന്നു. ഇക്കാരണങ്ങളാല്‍ സ്ത്രീകള്‍ ഇപ്രകാരം പള്ളിയില്‍ വരുന്നതിനെ പലപ്പോഴും ഹറമിലെ ഖുത്വുബയില്‍ വിമര്‍ശിക്കാറുള്ളതാണ്.

“സ്ത്രീകള്‍ക്ക് നിസ്കാരത്തിന് ഏറ്റവും ഉത്തമപ്പെട്ട സ്ഥലം അവരുടെ വീടുകളാണെന്ന്” നബി(സ്വ) പറഞ്ഞിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് എല്ലാ പണ്ഢിതന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. മഹാനായ നബി(സ്വ) ഇതു പറഞ്ഞത് മദീനാ പള്ളിയില്‍ വെച്ച് അക്കാലത്തെ പരിശുദ്ധ സാഹചര്യത്തില്‍ നിസ്കരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയതാണെന്ന് സഹോദരിമാര്‍ ആലോചിക്കണം. ഫിത്നകള്‍ വ്യാപകമായ ഇക്കാലത്തെ സ്ഥിതി പറയേണ്ടതില്ലല്ലോ. മദീനാപള്ളിയില്‍ വെച്ച് നബി(സ്വ) ഇമാമായി നടക്കുന്ന ജമാഅത്ത് നിസ്കാരത്തില്‍ സംബന്ധിക്കാന്‍ ചില സ്ത്രീകള്‍ നബി(സ്വ)യോട് അനുവാദം തേടിയപ്പോള്‍ ‘വേണ്ടാ, നിങ്ങള്‍ക്ക് വീടുകളിലെ ഏറ്റവും ഒതുക്കമുള്ള സ്ഥലമാണ് ഉത്തമം’ എന്നാണ് അവിടന്ന് മറുപടി പറഞ്ഞത്. മക്കയിലും മദീനയിലും ഈന ിയമം ബാധകമാണോ എന്ന സംശയം അടിസ്ഥാന രഹിതമാണെന്ന് ഇത്തരം ഹദീസുകള്‍ കൊണ്ട് മനസ്സിലാക്കാം. “സ്ത്രീകള്‍ക്ക് നിസ്കാരം അവരുടെ വീടുകളില്‍ വെച്ചാണ് ശ്രേഷ്ഠം” എന്ന പൊതുനിയമം മക്കാ-മദീനാ പള്ളികളിലേക്കും ബാധകമാണെന്ന് പൂര്‍വ്വിക പണ്ഢിതന്മാരും സഊദിയിലെയും മറ്റും ആധുനിക പണ്ഢിതന്മാരുമെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. മസ്ജിദുല്‍ ഹറാമിലെയും മസ്ജിദുന്നബവിയിലെയും പ്രത്യേക നിസ്കാര മഹത്വം പുരുഷന്മാര്‍ക്കു മാത്രം ബാധകമായതാണെന്നും പൌരാണിക പണ്ഢിതന്മാര്‍ വിശദമാക്കിയിട്ടുണ്ട്.

ഹജ്ജിന്റെ മറ്റു പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് വ്യത്യാസമുള്ള സംഗതികള്‍ താഴെ വിവരിക്കുന്നു.

(1). ഇഹ്റാമില്‍ തല തുറന്നിടാതെ മറ്റു അവസരങ്ങളെ പോലെ തല പൂര്‍ണമായി മറക്കണം.

(2). ഇഹ്റാം ചെയ്താല്‍ സ്ത്രീ മുഖം മറക്കരുത്. തല പൂര്‍ണമായി മറയാന്‍ ആവശ്യമായത്ര ഭാഗം മുഖത്തില്‍ നിന്നു മറക്കാം. മുഖം തൊടാതെ മുഖത്തിന് മുന്നില്‍ മറ താഴ്ത്തിയിടുന്നത് നല്ലതാണ്.

(3). ഇഹ്റാം ചെയ്യുന്നതിന് മുമ്പ് കൈകളില്‍ മൈലാഞ്ചിയിടുന്നതും അല്‍പ്പം മുഖ ത്ത് പുരട്ടലും സ്ത്രീകള്‍ക്ക് സുന്നത്താണ്.

(4). ചുറ്റിത്തുന്നപ്പെട്ടവ ധരിക്കുന്നതില്‍ യാതൊരു വിരോധവുമില്ല. എങ്കിലും ഇഹ്റാമില്‍ കയ്യുറ പാടില്ല.

(5). ത്വവാഫില്‍ കഅ്ബയോടടുക്കാതെ പുരുഷന്മാരെ വിട്ടകന്ന് ത്വവാഫ് ചെയ്യലാണ് അവര്‍ക്ക് നല്ലത്. ഹറമിലുള്ള മുത്വവ്വമാര്‍ സ്ത്രീ കളെ അരുവിലേക്ക് മാറിനില്‍ക്കാന്‍ ഉപദേശിക്കാറുണ്ട്.

(6). തല്‍ബിയത് ശബ്ദമുയര്‍ത്താതെ പതുക്കെ ചൊല്ലണം. മറ്റു ദിക്റുകളും സംസാരങ്ങളുമെലലാം പതുക്കെയാക്കണം.

(7). പുരുഷന്മാരുടെ കൂട്ടത്തില്‍ ഹജറുല്‍അസ്വദ് ചുംബിക്കാന്‍ ശ്രമിക്കരുത്. രാത്രി മത്വാഫ് ഒഴിഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ ചുംബനം സ്ത്രീകള്‍ക്ക് സുന്നത്തുള്ളൂ.

(8). സഅ്യ് വേളയില്‍ സ്വഫാ മര്‍വാ മലയില്‍ കയറേണ്ടതില്ല. ഇടയില്‍ പുരുഷന്മാര്‍ ഓടുന്ന സ്ഥലത്ത് ഓടാതെ അവര്‍ നടക്കുകയാണ് വേണ്ടത്.

(9). അറഫയില്‍ പുരുഷന്മാര്‍ കൂടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ തിങ്ങിനില്‍ക്കാതെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഒതുങ്ങിയിരുന്ന് പ്രാര്‍ഥിക്കണം.

(10). മുസ്ദലിഫയില്‍ പ്രഭാതം വരെ താമസിക്കാതെ, അര്‍ധരാത്രി പിന്നിട്ടാല്‍ മിനായിലേക്ക് പുറപ്പെടുകയും ജംറകളില്‍ തിരക്ക് വര്‍ധിക്കുന്നതിനു മുമ്പ് എറിയുകയും ചെയ്യലാണുത്തമം. എറിയുമ്പോള്‍ കൈ ഉ യര്‍ത്തരുത്.

(11). തഹല്ലുലിനു വേണ്ടി മുടി വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍ താഴ്തിയിട്ട് അതില്‍നിന്നും ഒരു വിരല്‍ത്തുമ്പ് നീളത്തില്‍ മുറിക്കലാണുത്തമം.

(12). സ്ത്രീകള്‍ക്ക് ഋതുരക്തമുള്ളപ്പോള്‍ ഹജ്ജ് കര്‍മ്മങ്ങളില്‍ ത്വവാഫല്ലാത്ത എല്ലാം അനുവദനീയമാണ്. ത്വവാഫ് ചെയ്യാന്‍ ആര്‍ത്തവം നിലക്കും വരെ കാത്തിരിക്കണം. ഇസ്തിഹാളത്ത് ആണെങ്കില്‍ വെച്ചുകെട്ടി ത്വവാഫ് ചെയ്യാവുന്നതാണ്.

(13). മക്ക വിടുന്ന സന്ദര്‍ഭത്തില്‍ ഋതുരക്തമോ പ്രസവരക്തമോ ഉണ്ടെങ്കില്‍ വാദിന്റെ ത്വവാഫ് ചെയ്യേണ്ടതില്ല. ഫിദ്യയും ആവശ്യമില്ല.

(14). എല്ലാ സന്ദര്‍ഭങ്ങളിലും പുരുഷന്മാരുമായി കൂടിക്കലരാതെ കഴിവതും മറഞ്ഞിരുന്ന് ആരാധനകള്‍ നിര്‍വഹിക്കണം.