മീഖാത്
ഹജ്ജിനു പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. അതിന് സമയ സംബന്ധമായ മീഖാത് എന്നു പറയുന്നു. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: “ഹജ്ജിന്റെ സമയം അറിയപ്പെട്ട ചില മാസങ്ങളാകുന്നു”.
ശവ്വാല്‍, ദുല്‍ഖഅദ് മാസങ്ങളും ദുല്‍ഹജ്ജ് പത്തിന് പ്രഭാതം വരെയുമാണ് ഹജ്ജിന് ഇഹ്റാം ചെയ്യാനുള്ള സമയം. മറ്റു സമയങ്ങളില്‍ ഹജ്ജിന് ഇഹ്റാം ചെയ്താല്‍ ഹജ്ജ് ലഭിക്കുന്നതല്ല. അങ്ങനെ ഒരാള്‍ ചെയ്താല്‍ അത് ഉംറയുടെ ഇഹ്റാമായി പരിഗണിക്കപ്പെടുന്നതിനാല്‍ അതി ന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കണം. ഉംറക്ക് സമയപരമായ മീഖാത്തില്ല. ഹാജിമാരല്ലാത്തവര്‍ക്ക് ഏത് മാസങ്ങളിലും ഏതു സമയവും ഉംറക്ക് ഇഹ്റാം ചെയ്യാം. ഹാജിമാര്‍ക്ക് ഹജ്ജിന്റെ ഇഹ്റാമിലും ജംറകളെ എറിയുന്ന ദിവസങ്ങളിലും ഉംറക്ക് ഇഹ്റാം ചെയ്യാവുന്നതല്ല. അയ്യാമുത്തശ്രീഖിന്റെ രണ്ടാം നാള്‍ എറിഞ്ഞ ശേഷം നഫര്‍ അവ്വലായി പുറപ്പെട്ടവര്‍ക്ക് ഉംറക്ക് ഇഹ്റാം ചെയ്യല്‍ സ്വഹീഹാകുമെങ്കിലും അയ്യാമുത്തശ്രീഖ് മുഴുവനും കഴിയുന്നത് വരെ ഇഹ്റാമിനെ പിന്തിക്കലാണുത്തമം.
വിശുദ്ധ കഅ്ബയിലേക്ക് ഹജ്ജോ ഉംറയോ ലക്ഷ്യം വെച്ച് കടന്നുവരുന്നവര്‍ക്ക് നിയ്യത്ത് ചെയ്യുന്നതിന് ചില നിശ്ചിത സ്ഥലങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത അതിര്‍ത്തികള്‍ ക്ക് മീഖാത്തുകള്‍ എന്നും നിയ്യത്തിന് ഇഹ്റാം എന്നും പറയുന്നു. ലോകരക്ഷിതാവായ അല്ലാഹുവിന്റെ വിശുദ്ധ സവിധത്തിലേക്ക് സമര്‍പ്പണ ബോധത്തോടെ കടന്നുചെല്ലുന്നവര്‍ ക്കുള്ള അനുവാദം തേടലിന്റെ ഒരു പ്രതീകാത്മക രൂപമാണ് ഇഹ്റാം. യജമാനന്റെ കൊട്ടാരത്തിലേക്കുള്ള ഒരു സുരക്ഷാ കവാടത്തിന്റെ ആദ്ധ്യാത്മ ഭാവമാണ് മീഖാത്തുകള്‍ക്കുള്ളത്.
ഭൂലോകത്തിന്റെ ഏതു കോണില്‍ നിന്നും റബ്ബിന്റെ ഭവനത്തിങ്കലേക്ക് അടിയാര്‍കളുടെ അനുസ്യൂത പ്രവാഹമാണ്. ബഹുവിധ ഭാഷ വേഷ വര്‍ണങ്ങളെല്ലാം അവിടെ ഒത്തുചേരുന്നു. രാജാവും പ്രജയും പണിക്കാരനും പണക്കാരനും ഉന്നതരും സാധാരണക്കാരുമെല്ലാം മാനവിക സമത്വത്തിന്റെ പ്രായോഗിക ഭാവം സാക്ഷാത്കരിച്ചുകൊണ്ട് അവിടെയെത്തുന്നു. മീഖാത്തിലെത്തിയാല്‍ സര്‍വ്വരും അവിടെ അല്‍പ്പം തങ്ങണം. കുളിച്ച് വൃത്തിയാകണം. ബഹുമുഖ വേഷ ഭാഷാ സംസ്കാരങ്ങളെല്ലാം അവിടെ ഇറക്കിവെച്ച് ഒരുമയുടെ തൂവെള്ള വസ്ത്രം എല്ലാവരും എടുത്തണിയണം. പുരുഷന്മാര്‍ക്കെല്ലാവര്‍ക്കും ഉടുക്കാന്‍ ഒരു തുണി, പുതക്കാന്‍ ഒരു മേല്‍തട്ടം, രാജാവും പ്രജയും ഇനിയങ്ങോട്ട് സമന്മാരാണ്. അഭയസങ്കേതമായ വിശുദ്ധ മണ്ണില്‍ കഅ് ബാ ഭാവനത്തെ ജനസഹസ്രങ്ങള്‍ പ്രദക്ഷിണം വെക്കുമ്പോള്‍ മാനവികതയാകമാനം അക്ഷരാര്‍ഥത്തില്‍ സമത്വത്തിന്റെ ഉത്തുംഗഭാവം പുല്‍കുകയാണ്.
ഹറമിന്റെ പുറത്തുനിന്ന് വരുന്നവരുടെ നിശ്ചിത മീഖാത്തുകള്‍ അഞ്ചാകുന്നു. ഓരോ ഭാഗത്ത് കൂടി വരുന്നവരും അതത് മീഖാത്തുകളില്‍ വച്ചോ, അതിനുനേരെ വരുന്ന സ്ഥലങ്ങളില്‍വെച്ചോ ഇഹ്റാം ചെയ്യണം. മീഖാത്തില്‍ എത്തുന്നതിന് മുമ്പ് ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് വിരോധമില്ല.
ഹിജ്റിസ്മാഈലിന്റെ ഉള്‍ഭാഗവും മുസ്ദലിഫയിലെ മശ്അറുല്‍ ഹറാം എന്ന സ്ഥലവും പ്രത്യേകം ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങളായി ചില മഹാന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. സ്വാലിഹീങ്ങളുടെ ഖബറിടങ്ങളും പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് അല്ലാമാ ശൌകാനി മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മേല്‍പ്പറഞ്ഞ സ്ഥാനങ്ങള്‍ക്കുപുറമെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന മറ്റു ചില സ്ഥലങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഇക്കാലത്ത് അറിയപ്പെട്ടവ വിവരിക്കാം.
1. ദുല്‍ഹുലൈഫ (അബ്യാര്‍ അലി)
മദീയില്‍ നിന്നും അതിന്റെ വടക്ക് പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള മീഖാത്താണിത്. മക്കയിലേക്ക് 420 കിലോമീറ്റര്‍ ദൂരമുള്ള ഈ സ്ഥലം അബ്യാര്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. നബി(സ്വ) ഹജ്ജിന് ഇഹ്റാം ചെയ്തത് ഇവിടെ വെച്ചായിരുന്നു. മക്കയില്‍ നിന്നും ഏറ്റവും ദൂരം കൂടിയ മീഖാത്താണിത്. ഇവിടെ ഹാജിമാര്‍ക്ക് കുളിക്കാനും മറ്റുമുള്ള സൌകര്യങ്ങളും വിശാലമായ പള്ളിയും ഇന്നുണ്ട്. ഹജ്ജിന് മുമ്പ് മദീനയാത്ര നടത്തുന്നവര്‍ ഹജ്ജിനോടടുത്ത ദിവസങ്ങളിലാണ് മക്കയിലേക്ക് മടങ്ങുന്നതെങ്കില്‍ ഇവിടെവെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യാം. അതല്ലെങ്കില്‍ ഉംറക്ക് ഇഹ്റാം ചെയ്യണം. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് വരുന്നവര്‍ യാതൊരു കാരണവശാലും ഇഹ്റാം കൂടാതെ മീഖാത്ത് വിട്ടുകടക്കാന്‍ പാടില്ല. ഉംറ മുമ്പ്് ചെയ്തിട്ടുള്ളവര്‍ക്കും ഇത് ബാധകമാണ്. (ഉംദതുല്‍ അബ്റാര്‍ പുറം 27 നോക്കുക) മദീനാശരീഫില്‍ നിന്ന് ആറ് മൈല്‍ മാത്രം ദൂരമുള്ള ദുല്‍ഹുലൈഫയിലെത്താന്‍ ബസ്സില്‍ അരമണിക്കൂറില്‍ താഴെ യാത്ര ചെയ്താല്‍ മതി. ഹജ്ജ് സീസണില്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇവിടെ നിര്‍ത്തി ഇഹ്റാം ചെയ്യാന്‍ സൌകര്യം നല്‍കുന്നതാണ്. മക്കയിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ എല്ലാ മീഖാത്തിലും ഇപ്രകാരം നിര്‍ത്തി ഹാജിമാര്‍ക്കും ഉംറക്കാര്‍ക്കും ഇഹ്റാമിന് സൌകര്യം നല്‍കുന്നുണ്ട്.
2. ജുഹ്ഫ:
ഈജിപ്ത്, ശാം, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ മീഖാത്താണിത്. സഊദിയിലെ തബൂക്ക് ഭാഗത്തു നിന്ന് വരുമ്പോള്‍ റാബഗിനടുത്തുള്ള ഈ മീഖാത്താണ് ലഭിക്കുക. മക്കയില്‍ നിന്നുള്ള ദൂരം 186 കിലോമീറ്റര്‍ ആകുന്നു.
3. ഖര്‍നുല്‍ മനാസില്‍
നജ്ദുകാരുടെയും അതുവഴി കടന്നുവരുടെയും മീഖാത്താണിത്. ത്വാഇഫിനടുത്തുള്ള ഈ മീഖാത്തില്‍നിന്ന് മക്കയിലേക്ക് 78 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. റിയാദ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഈ മീഖാത്ത് വഴിയാണ് കടന്നുപോവുക. ആധുനിക സൌകര്യങ്ങളെല്ലാമുള്ള വിശാലമായ പള്ളിയുണ്ടിവിടെ. വാദി മുഹ്രിം എന്നും ഈ സ്ഥലത്തിനു പേരുണ്ട്.
4. ദാത്തു ഇര്‍ഖ്
ഇറാഖ്, ബസ്വറ കൂഫ, പേര്‍ഷ്യ മുതലായ രാജ്യക്കാരുടെ മീഖാത്താണിത്. മളീഖ് എന്നും പേരുള്ള ഈ സ്ഥലം പഴയ ത്വാഇഫ് റോഡിലൂടെ പോകുമ്പോള്‍ ലഭിക്കുന്ന മീഖാത്താണ്. മക്കയിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്.
5. യലംലം
യമന്‍, തിഹാമ രാജ്യക്കാരും ഏഡന്‍ വഴി വരുന്നവരും ഇഹ്റാം ചെയ്യേണ്ട മീഖാത്താണിത്. ഇന്ത്യയില്‍ നിന്നും കപ്പല്‍ വഴി പോകുമ്പോള്‍ ഈ മീഖാത്താണ് ലഭിക്കുക. മക്കയുടെ തെക്കോട്ട് 120 കിലോമീറ്റര്‍ ദൂരത്തുള്ള ഒരു പര്‍വതമാണ് യലംലം.
മുന്‍ വിവരിച്ച അഞ്ചില്‍ ഒരു മീഖാത്തില്‍ക്കൂടി കടന്നുവരുന്ന ഏതു നാട്ടുകാരും ആ മീഖാത്തില്‍ വെച്ച് ഇഹ്റാം ചെയ്യണം. ഏതു നാട്ടുകാര്‍ എന്നതല്ല ഏതു മീഖാത്തിലൂടെ മക്കയില്‍ പ്രവേശിക്കുന്നു എന്നതാണ് പരിഗണിക്കേണ്ടത്. വഴിയില്‍ മീഖാത്തില്ലാത്തവര്‍ വലത്തോ ഇടത്തോ വരുന്ന മീഖാത്തിനോട് നേരിടുമ്പോഴാണ് ഇഹ്റാം ചെയ്യേണ്ടത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് വരുന്നവര്‍ മീഖാത്ത് വീടുന്നതിന് മുമ്പ് ഇഹ്റാം ചെയ്യല്‍ നിര്‍ബന്ധമാണ്. ഇഹ്റാം ചെയ്യാതെ മീഖാത്ത് വിട്ടുകടന്നാല്‍ കുറ്റക്കാരനാകുന്നതും മീഖാത്തിലേക്ക് തന്നെ മടങ്ങേണ്ടതുമാണ്. മടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഫിദ്യ നിര്‍ബന്ധമാകും. കച്ചവടം, ജോലി, സന്ദര്‍ശനം മുതലായ ആവശ്യങ്ങള്‍ക്കാണ് മക്കയിലേക്ക് യാത്രയെങ്കില്‍ ഇഹ്റാം നിര്‍ബന്ധമില്ല. എങ്കിലും അവരും ഉംറക്ക് ഇഹ്റാം ചെയ്ത് പ്രവേശിച്ച് ഉംറ ചെയ്യല്‍ സുന്നത്തുണ്ട്. ഏതെങ്കിലുമൊരു മീഖാത്തിനും മക്കക്കും ഇടയില്‍ വസിക്കുന്നവര്‍ ഇഹ്റാം ചെയ്യേണ്ടത് അവരവരുടെ പ്രദേശത്തു നിന്നു തന്നെയാമ്. പ്രസ്തുത സ്ഥലങ്ങളില്‍ ജോലി ചെയ്തു താമസിക്കുന്നവരും അപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. മക്കയില്‍ താമസിക്കുന്ന വരുടെ ഹജ്ജിന്റെ മീഖാത്ത് മക്ക തന്നെ. ഹജ്ജ് ആവശ്യാര്‍ഥം മക്കയില്‍ വന്ന് ഉംറ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ താമസിക്കുന്നവര്‍ക്കും മീഖാത്ത് മക്ക തന്നെയാണ്. അവര്‍ ഹജ്ജിന് ഇഹ്റാം ചെയ്യാന്‍ ഹറമിന്റെ പുറത്തെവിടെയും പോകേണ്ട ആവശ്യമില്ല. അവര്‍ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചുതന്നെ ഹജ്ജിന് ഇഹ്റാം ചെയ്യാം(ഇവര്‍ തമത്തുഅ് രീതി സ്വീകരിച്ചതിനാല്‍ ബലി നല്‍കല്‍ നിര്‍ബന്ധമാകും). എന്നാല്‍ മക്കയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ ഹറം അതിര്‍ത്തിയുടെ പുറത്തുപോയി ഇഹ്റാം ചെയ്യണം. ഹറമിന്റെ പുറത്ത് എവിടെ പോയാലും മതി. ഹറമിന്റെ അതിര്‍ത്തികളെക്കുറിച്ച് അറിയല്‍ ആവശ്യമാണ്.