പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല്‍ ഖല്‍ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു. അവിടുന്ന് പറഞ്ഞു: “ഒരാള്‍ ക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം ആദിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന്‍ ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല” (തിര്‍മുദി). ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം ആവശ്യമായതാണ് ഹജ്ജ്. നിസ്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു. വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ് പ്രധാനം. സകാത് കര്‍മ്മത്തില്‍ ധനവ്യയം മാത്രമേയുള്ളൂ. എന്നാല്‍ ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോഗിക്കപ്പെടുന്നു. ഇതുപോലെ ഇവ മൂന്നും ഉപയോഗപ്പെടുത്തുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റ് ആരാധനകള്‍ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ് കര്‍മ്മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. മഹാനായ നബി(സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുന്നതാണ്”. “ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണ്”. സ്ത്രീകളുടെ ജിഹാദ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന് സമാനമാണ്. ഹജ്ജ് കര്‍മ്മമെന്ന് പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ബീവി ആഇശ(റ)യുടെ ഒരു ചോദ്യത്തിനുത്തരമായി അവിടുന്ന് പറയുകയുണ്ടായി. “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, സ്ത്രീകള്‍ക്ക് ജിഹാദ് ബാധ്യതയുണ്ടോ?” അവിടുന്ന് പറഞ്ഞു: “അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും.” “മുഴുവന്‍ ദുര്‍ബലര്‍ക്കുമുള്ള ജിഹാദാകുന്നു ഹജ്ജ്.” “മറ്റ് ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്”. “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന്‍ വിളിച്ചുവരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന്‍ സ്വീകരിക്കും. പശ്ചാതപിച്ചാല്‍ പൊറുത്തുകൊടുക്കും”. “ഹാജിക്കും ഹാജി ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കും”.
ഹജ്ജ് ചെയ്യുന്നവന്‍ തന്റെ കുടുംബത്തിലെ നാനൂറ് പേര്‍ക്ക് ശിപാര്‍ശ നടത്തിയാല്‍ സ്വീകരിക്കപ്പെടും. “ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, പിന്നീട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്, പിന്നീട് മബ്റൂറായ ഹജ്ജ്”. പരിശുദ്ധ ഹജ്ജിന്റെ ശ്രേഷ്ഠതയും മഹത്വവും വിവരിക്കുന്ന നിരവധി നബിവചനങ്ങളില്‍ നിന്ന് ചിലതാണ് മുകളിലുദ്ധരിച്ചത്. ഹജ്ജ് സംബന്ധമായ വിവിധ കല്‍പ്പകളും നിയമങ്ങളും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ പറയുന്നു: “അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുവീന്‍”. സൂറഃ അല്‍ബഖറയില്‍ അല്ലാഹു വീണ്ടും പറയുന്നു: “ഹജ്ജിന്റെ സമയം അറിയപ്പെട്ട ചില മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ഹജ്ജിനെ ആര് അനുഷ്ഠിക്കുന്നുവോ, സംയോഗമോ പാപങ്ങളോ തര്‍ക്കമോ ഹജ്ജില്‍ പാടുള്ളതല്ല. നിങ്ങള്‍ നിര്‍വ്വഹിക്കുന്ന ഏതൊരു പുണ്യവും അല്ലാഹു അറിയും. നിങ്ങള്‍ യാത്രക്കുള്ള ഭക്ഷണ സാധനങ്ങള്‍ സജ്ജമാക്കുവീന്‍. എന്തെന്നാല്‍ ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും ഉത്തമമായത് ജനങ്ങളോട് യാചിക്കാതെ സ്വയം പര്യാപ്തത വരുത്തുന്ന ഒന്നാകുന്നു. ബുദ്ധിമാന്മാരെ നിങ്ങള്‍ എനിക്ക് തഖ്വ ചെയ്യുവിന്‍”. സൂറഃ ആലു ഇംറാനില്‍ അല്ലാഹു പറയുന്നു: “കഅ്ബാ ശരീഫിലെത്തി ഹജ്ജ് ചെയ്യാന്‍ കഴിവു ലഭിച്ച ഏതൊരാള്‍ക്കും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നു. ആരെങ്കിലും കല്‍പ്പന ലംഘിച്ചാല്‍ അല്ലാഹു അവന്റെ സൃഷ്ടികളില്‍ നിന്നും നിരാശ്രയനാകുന്നു”. മഹാനായ തിരുനബി(സ്വ) ഹജ്ജ് കര്‍മ്മത്തിന്റെ മഹത്വം വാചാ പഠിപ്പിക്കുകയും അതിന്റെ പ്രവര്‍ത്ത ന രൂപം കര്‍മണാ മനസ്സിലാക്കിത്തരികയും ചെയ്തു. അവിടത്തെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഹജ്ജ് വേളയില്‍ ഇപ്രകാരം പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ ഹജ്ജ് കര്‍മ്മത്തിന്റെ വിധിവിലക്കുകള്‍ എന്നില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കുവീന്‍”. മബ്റൂറായ ഹജ്ജ് ഹജ്ജിന്റെ പ്രതിഫലം വിവരിക്കുന്ന പല നബിവചനങ്ങളിലും ഹജ്ജും മബ്റൂര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘സംശുദ്ധമായ ഹജ്ജ്’ എന്ന ഈ പ്രയോഗം കൊണ്ടുള്ള വിവക്ഷ കുറ്റങ്ങളും കുറവുകളും കലരാത്ത സ്വീകാര്യമായ ഹജ്ജ് എന്നാണ്.
ഹജ്ജ് യാത്രയില്‍ വിശന്നവരെ ഭക്ഷിപ്പിക്കുക, സൌമ്യമായി സംസാരിക്കുക, എല്ലാ പ്രവൃത്തിയിലും അല്ലാഹുവിന് തൃപ്തിയില്ലാത്തതിനെ ഉപേക്ഷിക്കുക, പ്രശക്തിയെ ത്യജിക്കുക, അഹംഭാവം ഇല്ലാതിരിക്കുക, സ്ത്രീ ഭോഗം മുതലായ ശാരീരികേച്ഛകളെ വര്‍ജിക്കുക, ചെറുദോഷങ്ങളില്‍ പോലും വ്യാപൃതരാവാതിരിക്കുക തുടങ്ങിയ സദ്ലക്ഷണങ്ങള്‍ സ്വീകരിച്ച ഹജ്ജാണ് മബ്റൂറായിത്തീരുക. കൂടെയുള്ള ഹാജിമാരെ എല്ലാ വിധത്തിലും സഹായിക്കുക, ലുബ്ധത ഇല്ലാതിരിക്കുക തുടങ്ങിയ സദ്ഭാവങ്ങള്‍ പ്രകടമാവുക. വിശിഷ്യാ ഹജ്ജിനു ശേഷം മുമ്പുണ്ടായതിനെക്കാള്‍ നന്മകള്‍ വര്‍ധിക്കുകയും സദ് പ്രവര്‍ത്തനങ്ങളോട് താത്പര്യം കൂടുകയും ദോഷങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയുമായാല്‍ ഹജ്ജ് മബ്റൂറായ ലക്ഷണങ്ങളാണെന്ന് ഇമാം നവവി(റ) പ്രസ്താവിച്ചിരിക്കുന്നു. ഉംറയുടെ മഹത്വം ഹജ്ജ് പോലെജീവിതത്തില്‍ ഒരുതവണ നിര്‍ബന്ധമുള്ള പുണ്യകര്‍മ്മമാണ് ഉംറ. രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് നിര്‍വഹിക്കാവുന്ന പുണ്യകര്‍മ്മമാണത്. മീഖാത്തില്‍ നിന്ന് ഇഹ്റാം ചെയ്ത് കഅ്ബാ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാ മര്‍വക്കിടയില്‍ സ’അ്യും പൂര്‍ത്തിയാക്കി മുടിയെടുത്താല്‍ ഉംറ അവസാനിച്ചു. ജീവിതത്തില്‍ ഒരുതവണ നിര്‍ബന്ധമായ ഉംറ പലതവണ ആവര്‍ ത്തിക്കല്‍ ശക്തിയായ സുന്നത്തുണ്ട്. ഒരു ഹജ്ജ് യാത്രയില്‍ തന്നെ നിരവധി തവണ ഉംറ ചെയ്യാന്‍ സമയ സൌകര്യം ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഉംറയുടെ മഹത്വം കൂടുതലായി വിവരിച്ചിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് പറയുന്ന പല പ്രസ്താവങ്ങളിലും ഉംറയെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹു തആലാക്കുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുവീന്‍”. നബികരീം (സ്വ) പറയുന്നു: “ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്”. റമള്വാന്‍ ശരീഫില്‍ ഉംറ നിര്‍വഹിക്കുന്നതിന് കൂടുതല്‍ പുണ്യമുള്ളതായി ഹദീസില്‍ വന്നിരിക്കുന്നു. “റമള്വാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ്”. ഹജ്ജിന്റെ വിശേഷങ്ങള്‍ വിവരിച്ച മിക്ക ഹദീസുകളിലും ഉംറയും പരാര്‍ശ വിധേയമാണ്. വളരെ മഹത്വമേറിയ ഉംറ നിരവധി തവണ ചെയ്യാന്‍ ഹാജിമാര്‍ പരിശ്രമിക്കേണ്ടതാണ്. മഹാനായ ഇമാം ശാഫിഈ(റ) പറഞ്ഞു: “അനുകൂല സാഹചര്യമുള്ള ഓരോരുത്തരും എല്ലാ മാസത്തിലും രണ്ടോ മൂന്നോ തവണ ഉംറ ചെയ്യേണ്ടതാണ്. മാസത്തില്‍ ഒരു ഉംറയെങ്കിലും അനിവാര്യമായും ചെയ്തിരിക്കണം” (ശറഹുല്‍ ഈള്വാഹ്, പേജ് 421).