ജംറകളെ എറിയല്‍

   അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളിലും മൂന്നു ജംറകളില്‍ ഏഴുവീതം എറിയല്‍ വാജിബാണ്. ഓരോ ദിവസവും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് നീങ്ങുന്നതോടെ എറിയാനുള്ള ആ ദ്യസമയം പ്രവേശിക്കുന്നതാണ്. ഉച്ചക്ക് മുമ്പ് ആ ദിവസത്തെ ഏറ് പരിഗണനീയമല്ല. എന്നാല്‍ ഉച്ചക്ക് മുമ്പ് ജംറകളില്‍ കാണുന്ന തിരക്കില്‍ സംശയിക്കേണ്ടതില്ല. അവര്‍ തലേദിവസത്തെ ഏറുകള്‍ നിര്‍വഹിക്കുകയായിരിക്കും.

ഓരോ ദിവസവും ഉച്ചയോടെ എറിയാനുള്ള സമയം പ്രവേശിക്കുമെങ്കിലും അപ്പോള്‍ തന്നെ തിരക്കില്‍ പോയി എറിയല്‍ നിര്‍ബന്ധമില്ല. അയ്യാമുത്തശ്രീഖ് കഴിയുന്നത് വരെ അതിനു സമയമുണ്ട്. ശ്രേഷ്ഠമായ സമയം സൂര്യന്‍ അസ്തമിക്കുന്നത് വരെ നീണ്ടുനില്‍ക്കുന്നു. അപ്പോള്‍ രാത്രിയോ പിറ്റേന്ന് രാവിലെയോ എറിയുന്നതില്‍ തടസ്സമില്ല. പകല്‍സമയം പൊതുവെ നല്ല തിരക്കായിരിക്കും. രാത്രി സ്വസ്ഥമായി എറിയുന്നതാണ് സൌകര്യം. പ്രത്യേകിച്ച് മിനയിലെ തമ്പുകള്‍ ജംറകളില്‍ നിന്നും വളരെ ദൂരത്താകുമ്പോള്‍ അത്രയും ദൂരം പകല്‍ വെയിലത്ത് നടക്കാന്‍ വലിയ പ്രയാസമാണ്. വൈകുന്നേരം എറിയാന്‍ സാധിക്കുമെങ്കില്‍ ഉത്തമസമയം ലഭിക്കും.

രണ്ടു ദിവസത്തേക്കുള്ളതു ഒന്നിച്ച് എറിയുന്നതിനും വിരോധമില്ല. പക്ഷേ, ആദ്യദിവസത്തിനു വേണ്ടി മൂന്നു ജംറയും ക്രമപ്രകാരം എറിഞ്ഞ് കഴിഞ്ഞശേഷം തിരിച്ചുവന്ന് രണ്ടാമത്തെ ദിവസത്തിനു വേണ്ടി ക്രമപ്രകാരം എറിയണം. ഓരോ ജംറയുടെയും അടുത്ത് ചെന്ന് രണ്ട് ദിവസത്തേതും ഒന്നിച്ചെറിഞ്ഞാല്‍ മതിയാവില്ല. അയ്യാമുത്തശ്രീഖിനു ശേഷം എറിയല്‍ അനുവദനീയമല്ല. എറിയാന്‍ സാധിക്കാത്തവര്‍ പകരം ഫിദ്യ കൊടുക്കണം. ദിവസവും എറിയുന്നതിന് മുമ്പ ്കുളിക്കല്‍ സുന്നത്താണ്. ഉച്ചക്ക് മുമ്പ് കുളിച്ചാലും മതി. കുളി കഴിഞ്ഞ് സൂര്യന്‍ നട്ടുച്ചയില്‍നിന്നു നീങ്ങിയ ശേഷം ളുഹര്‍ നിസ്കരിക്കുന്നതിന് മുമ്പ് ജംറകളെ എറിയുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ രീതി. ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നിവിടങ്ങളില്‍ ക്രമപ്രകാരം എറിയല്‍ നിര്‍ബന്ധമാണ്. ക്രമം തെറ്റി എറിഞ്ഞാലും ഒരു സ്ഥലത്ത് എറിഞ്ഞ് പൂര്‍ത്തിയാകുന്നതിന് മുമ്പ് അടുത്ത സ്ഥലത്ത് എറിഞ്ഞാലും സ്വഹീഹാകുകയില്ല.

നിസ്സാര രോഗമുള്ളവരും വൃദ്ധന്മാരുമെല്ലാം പകരം ഏല്‍പ്പിക്കാന്‍ ശ്രമിക്കാതെ തിരക്കൊഴിഞ്ഞ സമയങ്ങളില്‍ എറിയാന്‍ ഉത്സാഹിക്കുകയാണ് വേണ്ടത്. പുറപ്പെടുമ്പോള്‍ ഇരുപത്തൊന്നില്‍ കുറയാത്ത കല്ലുകള്‍ കരുതണം. എറിഞ്ഞ് കല്ല് നിശ്ചിത സ്ഥാനത്ത് എത്താതെ പോവുകയോ തിരക്കില്‍ കൊഴിഞ്ഞുപോവുകയോ ചെയ്താല്‍ കൂടുതലെടുത്തത് ഉപകാരപ്പെടും. മുസ്ദലിഫയില്‍നിന്ന് പെറുക്കിയ കല്ലുകളാണുത്തമം. അത് ഇല്ലെങ്കില്‍ മറ്റുള്ളവരോട് സ്വീകരിക്കുന്നതിന് തടസ്സമില്ല. മിനയില്‍ നിന്നോ മറ്റോ പെറുക്കിയാലും മതി.

ആദ്യം മസ്ജിദ് ഖൈഫിനടുത്തുള്ള ജംറതുല്‍ ഊലായിലേക്ക് പോകണം. പെരുന്നാള്‍ ദിവസം എറിഞ്ഞത് ഹറം ഭാഗത്തേക്ക് ഏറ്റവും അടുത്ത ജംറതുല്‍ അഖബയിലായിരുന്നു. ഇപ്പോള്‍ അവിടെ അവസാനമായാണ് എറിയേണ്ടത്. ജംറതുല്‍ ഊലക്ക് ജംറത്തുസ്സ്വുഗ്റാ എന്നും പേരുണ്ട്. ജംറയുടെ അടുത്ത് ചെന്ന് ഖിബ്ലക്കഭിമുഖമായി നിന്ന് തക്ബീര്‍ ചൊല്ലിക്കൊണ്ട് വലതുകൈ ഉയര്‍ത്തി ഓരോ കല്ലുകള്‍ വീതം ജംറയുടെ കെട്ടിനുള്ളിലേക്ക് ലക്ഷ്യം വെച്ച് എറിയണം. വളച്ചുകെട്ടിയതിനുള്ളില്‍ കല്ലുവീഴണം. അത് ശര്‍ത്വാണ്. ആ സ്ഥാനമല്ലാത്തതിനെ ലക്ഷ്യം വെക്കുകയോ മറ്റു ഉദ്ദേശ്യമോ പാടില്ല. ഏഴു കല്ലുകള്‍ എറിഞ്ഞ ശേഷം ജംറ പിന്നിലാകും വിധം കുറച്ച് മുന്നോട്ടുമാറി ഖിബ്ലക്ക് തിരിഞ്ഞുനിന്ന് തക്ബീര്‍, തഹ്ലീല്‍, തസ്ബീഹ്, ഹംദ് എന്നിവ ചൊല്ലണം. ശേഷം ഭക്തി ബഹുമാനത്തോടെ പ്രാര്‍ഥിക്കണം. സൂറതുല്‍ ബഖറ പാരായണം ചെയ്യാനാവശ്യമായ സമയം അവിടെ ദിക്റലും പ്രാര്‍ഥനയിലും കഴിഞ്ഞുകൂടല്‍ ഉത്തമമാണ്.

തുടര്‍ന്ന് നടുവിലുള്ള ജംറതുല്‍ വുസ്ത്വയിലേക്ക് നീങ്ങുക. ഊലയില്‍ ചെയ്ത പോലെ ഏഴു കല്ലുകള്‍ എറിയുകയും ശേഷം ജംറ വലതുഭാഗത്താക്കി ഖിബ്ലക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കുകയും വേണം.

പിന്നീട് പെരുന്നാള്‍ ദിവസം എറിഞ്ഞ ജംറതുല്‍ അഖബയിലേക്ക് പോയി മുന്‍ ചെയ്തപോലെ ഏഴു കല്ലുകള്‍ എറിയണം. അവിടെ പ്രാര്‍ഥനക്ക് നില്‍ക്കേണ്ടതില്ല. ഇപ്പോള്‍ ഒരു ദിവസത്തെ എറിയല്‍ പൂര്‍ത്തിയായി. ഇപ്രകാരം രണ്ടാം ദിവസവും മൂന്നാം ദിവസവും ചെയ്യണം. അടുത്ത ദിവസത്തേക്കുള്ള എറിയല്‍ മുന്‍കൂട്ടി നിര്‍വഹിക്കാന്‍ പാടില്ല. ജംറകളിലെ തിരക്ക് ഒഴിവാക്കുവാനായി അവിടെയാകെ വലിയ സംവിധാനങ്ങളും സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ജംറകളെയും കൂട്ടി യോജിപ്പിച്ച് വിപുലമായ പാലം കെട്ടിയിരിക്കുന്നു. പാലത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് ജംറകളില്‍ എറിയാന്‍ സൌകര്യമുണ്ട്. താഴെനിന്ന് എറിയുന്നതാണ് നല്ലത്. (ഇപ്പോഴും മാറ്റങ്ങള്‍ നടക്കുകയാണ്. സന്ദര്‍ശകര്‍ ഈ വര്‍ഷത്തെ ഹജ്ജിന് ശേഷം മാറ്റങ്ങള്‍ ഞങ്ങളെ എഴുതിയറിയിക്കുല്ലോ)

മൂന്നു രാത്രി മിനയില്‍ താമസിക്കലും മൂന്നു ദിവസം എറിയലുമാണ് ഉത്തമം. ധൃതിയില്‍ പുറപ്പെടേണ്ടവര്‍ രണ്ടാം ദിവസം എറിഞ്ഞ ശേഷം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് മിനയുടെ അതിര്‍ത്തി വിട്ടുകടക്കണം. അവര്‍ക്ക് രാത്രി താമസവും പിറ്റേന്ന് എറിയലും ഒഴിവാക്കാം. സൂര്യാസ്തമയത്തിന് മുമ്പ് മിന വിട്ടുകടക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നാം രാത്രി താമസിക്കലും പിറ്റേ ദിവസം എറിയലും നിര്‍ബന്ധമായി വരും. ആദ്യത്തെ രണ്ടു രാത്രികളില്‍ മിനായില്‍ താമസിച്ചവര്‍ക്കേ ധൃതിയില്‍ പുറപ്പെടാന്‍ പാടുള്ളൂ.

ഇങ്ങനെ ധൃതിയില്‍ പോകുന്നവര്‍ മൂന്നാം ദിവസത്തെ എറിയല്‍ മുന്‍കൂട്ടി എറിയേണ്ടതില്ല. ബാക്കിവരുന്ന കല്ലുകള്‍ മിനയില്‍ ഉപേക്ഷിക്കുകയോ ആവശ്യക്കാര്‍ക്ക് കൊടുക്കുകയോ ചെയ്യാം. കല്ലുകള്‍ കൂടെ കൊണ്ടുപോകല്‍ കറാഹത്തും കുഴിച്ചുമൂടല്‍ ബിദ്അത്തുമാണ്. ഒരു കല്ല് ഒഴിവായിപ്പോവുകയും ഏതു ജംറയിലാണ് കുറവ് വന്നതെന്ന് നിശ്ചയമില്ലാതെയും വ ന്നാല്‍ ബാക്കിവന്നത് ആദ്യ ജംറയിലാണെന്ന് കണക്കാക്കി ആ കല്ല് ആദ്യ ജംറയിലെറിയലും ബാക്കി ജംറകള്‍ മടക്കി എറിയലും നിര്‍ബന്ധമാണ്. ഓരോ ജംറകള്‍ക്കിടയിലും ഒരു ജംറയിലെ തവണകള്‍ക്കിടയിലും വിട്ടുപിരിക്കാതെ തുടരെ എറിയല്‍ സുന്നത്താകുന്നു.

എറിയാന്‍ പകരം ഏല്‍പ്പിക്കല്‍

   പെരുന്നാള്‍ ദിവസത്തെ ജംറതുല്‍ അഖബയിലെ ഏറും, അയ്യാമുത്തശ്രീഖിലെ മൂന്ന് ജംറകളിലെ ഏറും ദുല്‍ഹിജ്ജ പതിമൂന്നിന്റെ അസ്ഥമയത്തിന് മുമ്പ് എറിഞ്ഞു പൂര്‍ത്തീകരിച്ചാല്‍ മതി. പ്രസ്തുത സമയം അവസാനിക്കുന്നതിന് മുമ്പ് നീങ്ങുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമോ അറസ്റ്റു പോലുള്ളതോ കാരണത്താല്‍ സ്വയം എറിയാന്‍ കഴിയാത്തവര്‍ മറ്റൊരാളെ എറിയാന്‍ ഏല്‍പ്പിക്കണം. ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കണമെന്നില്ല. അവര്‍ ഇഹ്റാമിലായിരിക്കലും നിര്‍ബന്ധമില്ല.

ഇഹ്റാമിലുള്ളവരാണെങ്കില്‍ അവന്റെ സ്വയം എറിയല്‍ മൂന്ന് ജംറകളിലും പൂര്‍ത്തികരിച്ച ശേഷം മാത്രമേ പകരമായി എറിയാന്‍ പാടുള്ളൂ. അല്ലാതിരുന്നാല്‍ ആദ്യം എറിഞ്ഞത് അവന്റേതായി ഗണിക്കപ്പെടുകയും തുടര്‍ന്ന് എറിഞ്ഞത് നഷ്ടപ്പെടുകയും ചെയ്യും. ഏല്‍പ്പിക്കുന്നവര്‍ കല്ല് കൊടുക്കലും ഏല്‍പ്പിക്കുമ്പോഴോ കല്ല് കൊടുക്കുമ്പോഴോ തക്ബീര്‍ ചൊല്ലലും സുന്നത്താണ്. തിരക്കിന്റെ കാരണം പറഞ്ഞ് എറിയാന്‍ മറ്റൊരാളെ ഏല്‍പ്പിക്കാതെ തിരക്കില്ലാത്ത പ്രഭാത സമയത്തോ, രാത്രിയോ പോയി സ്വയം എറിയുകയാണ് വേണ്ടത്. രോഗമുള്ളതിന്റെ പേരില്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. അവന്‍ എറിയുകയും ചെയ്തു. അയ്യാമുത്തശ്രീഖ് കഴിയും മുമ്പ് അയാള്‍ക്ക് രോഗം മാറുകയും തടസ്സം നീങ്ങുകയും ചെയ്താല്‍ പിന്നീട് സ്വയം എറിയേണ്ടതില്ല.